ചണ്ഡിഗഢ്: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ഓഫീസിൽ സ്ഫോടനം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്ഫോടനം ഉണ്ടായത്. മൊഹാലി മേഖലയിലെ പോലീസ് കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് രാത്രി 7.45 ഓടെയാണ് സംഭവം. കെട്ടിടത്തിന് നേരെ അജ്ഞാതർ സ്ഫോടന വസ്തുക്കൾ എറിഞ്ഞുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുഖ്യമന്ത്രി ഭഗവന്ത് മൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ജനൽ ചില്ലകൾ തകർന്നിട്ടുണ്ട്. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രനേഡ് ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ നാശനഷ്ടങ്ങളും ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.
ഫൊറൻസിക് സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് മൊഹാലി പോലീസ് വ്യക്തമാക്കി. എസ്എഎസ് നഗറിലെ സെക്ടർ 77ലുള്ള പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഓഫീസ് കെട്ടിടത്തിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓഫീസ് പരിസരത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.
Comments