സോൾ : ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പ്യോംഗ്യാൻ നഗരത്തിലാണ് വ്യാപനശേഷി കൂടുതലുള്ള ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉൻ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചതായാണ് വിവരം.
രാജ്യത്ത് അടിയന്തിരമായി ഒരു സംഭവമുണ്ടായെന്നും, കഴിഞ്ഞ രണ്ട് വർഷവും മൂന്ന് മാസവും സുരക്ഷിതമായി കഴിഞ്ഞ ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ വൈറസ് ബാധയുടെ ഉറവിടമോ ഇത് ആളുകളിലേക്ക് പകർന്നോയെന്നോ വ്യക്തമായിട്ടില്ല.
ഈ സാഹചര്യത്തിൽ കിം ജോംഗ് ഉൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ യോഗം ചേർന്നു. രാജ്യത്ത് ഉടൻ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനാണ് തീരുമാനം. കുറച്ച് സമയത്തിനകം കൊറോണയെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് കിം പറഞ്ഞു. രോഗം വ്യാപിക്കാതിരിക്കാൻ ജനങ്ങൾ വീടുകളും പരിസരസ്ഥലങ്ങളും ബ്ലോക്ക് ചെയ്യണമെന്നും വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്നും കിം പറഞ്ഞു.
അതേസമയം ഉത്തര കൊറിയയിലെ 25 മില്യൺ ജനങ്ങൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ചൈനയും റഷ്യയും വാക്സിൻ നൽകാമെന്ന് അറിയിച്ചെങ്കിലും കിം അത് നിരസിച്ചു. ലോകാരോഗ്യ സംഘടനയും ഉത്തര കൊറിയയോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കിം അതും തള്ളിക്കളഞ്ഞു.
Comments