ജനീവ: ലോകത്തിലെ ഏറ്റവും വലിയ വൈറ്റ് ഡയമണ്ടായ ‘ദ റോക്ക്’ ജനീവയിൽ നടന്ന ലേലത്തിൽ വിറ്റഴിഞ്ഞു. 21.75 മില്യൺ ഡോളറിനാണ് വൈറ്റ് ഡയമണ്ട് വിറ്റുപോയത്. എന്നാൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് വജ്രം വിറ്റതെന്ന് ലേലത്തിന്റെ സംഘാടകർ അറിയിച്ചു. ഏകദേശം മുപ്പത് മില്യൺ ഡോളറാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നത്.
ഇതുവരെ ലേലം ചെയ്യപ്പെട്ട ഏറ്റവും വലിയ വെള്ള വജ്രമാണിത്. 228.31 കാരറ്റ് വജ്രത്തിന് ഒരു ഗോൾഫ് ബോളിന്റെ വലിപ്പമുണ്ട്. എന്നാൽ ആരാണ് വജ്രം വാങ്ങിയതെന്ന് ലേല സംഘാടകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഖനനം ചെയ്തെടുത്ത വജ്രമാണ് ജനീവയിൽ വിറ്റുപോയത്.
2017ൽ വിറ്റഴിച്ച 163.41 കാരറ്റ് രത്നമായിരുന്നു വൈറ്റ് ഡയമണ്ട് ലേലത്തിൽ റെക്കോർഡ് തുക രേഖപ്പെടുത്തിയത്. അന്ന് 33.7 ദശലക്ഷം ഡോളറിനാണ് ആ രത്നം വിറ്റുപോയത്. ലേലത്തിൽ ഒപ്പമുണ്ടായിരുന്ന റെഡ് ക്രോസ് എന്ന് പേരിട്ട മഞ്ഞ രത്നവും വിറ്റുപോയിട്ടുണ്ട്. 205.1 കാരറ്റുള്ള റെഡ് ക്രോസ് 14.2 മില്യൺ ഡോളറിനാണ് ലേലം വിളിച്ചത്. പ്രതീക്ഷിച്ചതിലും ഇരട്ടിവിലയ്ക്കാണ് മഞ്ഞ രത്നം വിറ്റുപോയതായി സംഘാടകർ അറിയിച്ചു. ജനീവ മാഗ്നിഫിഷ്യന്റ് ജ്വൽസ് എന്നായിരുന്നു ലേലച്ചടങ്ങിന്റെ പേര്.
Comments