കാബൂൾ: രാജ്യത്തെ റെസ്റ്റൊറെന്റുകളിൽ ഇനി മുതൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് താലിബാൻ. ഇതുസംബന്ധിച്ച ഉത്തരവ് അഫ്ഗാൻ പിടിച്ചടക്കിയ താലിബാൻ സർക്കാർ പുറത്തിറക്കി. ഫാമിലി റെസ്റ്റൊറന്റുകളിൽ പുരുഷന്മാർക്ക് കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാനും സാധിക്കില്ല. ഭാര്യ ഭർത്താക്കന്മാരായാലും ഈ നിബന്ധന ബാധകമാണെന്ന് അഫ്ഗാൻ വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യഘട്ടമായി പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ഉത്തരവ് നടപ്പാക്കിയതായാണ് റിപ്പോർട്ടുകൾ. ഇതോടൊപ്പം ഹെറാത്തിലെ പൊതു പാർക്കുകളിൽ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് പ്രവേശിക്കരുതെന്ന് താലിബാന്റെ നിർദ്ദേശമുണ്ട്. ആഴ്ചയിലെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സ്ത്രീകൾക്ക് പാർക്കിൽ പോകാൻ അനുവാദം നൽകിയിട്ടുള്ളത്. ബാക്കിയുള്ള ദിവസങ്ങൾ പുരുഷന്മാർക്ക് വ്യായാമത്തിന് വേണ്ടിയാണ് അനുവദിച്ചിരിക്കുന്നത്.
സമാനമായി അമ്യൂസ്മെന്റ് പാർക്കുകളിൽ സ്ത്രീകളും പുരുഷന്മാരും ഒരേ ദിവസം പോകുന്നത് താലിബാൻ ഭീകരർ വിലക്കിയിരുന്നു. താലിബാന്റെ കടുത്ത നിയന്ത്രണങ്ങളെ വിമർശിച്ച് പാശ്ചാത്യരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്. എല്ലാ അഫ്ഗാനികൾക്കും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ആസ്വദിക്കാൻ കഴിയണം. ഈ വിലക്കുകൾ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
Comments