പാലക്കാട്: ശ്രീനിവാസൻ കൊലപാതകത്തിൽ ആയുധങ്ങൾ എത്തിച്ച കാർ കണ്ടെടുത്ത് പോലീസ്. കാറിന്റെ ഉടമയായ നാസറുമായി തെളിവെടുപ്പിനെത്തിയാണ് കാർ കണ്ടെടുത്തത്. പട്ടാമ്പി കോളേജ് സ്ട്രീറ്റിലെ നാസറിന്റെ ബന്ധുവീട്ടിൽ നിന്നാണ് വാഹനം കണ്ടെത്താനായതെന്ന് പോലീസ് അറിയിച്ചു.
എസ്ഡിപിഐ കൊടിയും ആയുധങ്ങൾ പൊതിഞ്ഞ ചാക്കും കാറിൽ നിന്ന് കണ്ടെത്തി. ഒരു മൊബൈൽ ഫോണും കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതികൾ പട്ടാമ്പിയിലെ നാസറിന്റെ ബന്ധുവീട്ടിൽ വാഹനം കൊണ്ടുവന്ന് ഇടുകയായിരുന്നുവെന്നാണ് വിവരം. കാറിന്റെ ഉടമയായ നാസറിനെ ശനിയാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 23 ആയി.
മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ചുവന്ന കളർ സ്വിഫ്റ്റ് കാറാണ് പോലീസ് പിടികൂടിയത്. കൊലയാളി സംഘം സഞ്ചരിച്ച ഇരുചക്ര വാഹനങ്ങൾക്ക് മുന്നിലായി ഈ കാർ കടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സംഘത്തിന് ആയുധങ്ങൾ കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഈ കാർ പോയിരുന്നതെന്നാണ് വിവരം.
Comments