തിരുവനന്തപുരം: കെ-റെയിൽ കുറ്റികൾ പിഴുതെറിഞ്ഞവർ കുടുങ്ങും. സിൽവർലൈൻ വിരുദ്ധ സമരത്തിനിടെ എടുത്ത കേസുകളുമായി പോലീസ് മുന്നോട്ട് പോകുമെന്നാണ് സൂചന. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പോലീസ് കുറ്റപത്രവും സമർപ്പിക്കും.
കെ- റെയിൽ സർവ്വേയും കുറ്റി സ്ഥാപിക്കലും സർക്കാർ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കെ-റെയിൽ വിരുദ്ധ സമരത്തിനിടെ എടുത്ത കേസിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്നത്. എന്നാൽ സർക്കാരിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും, സർക്കാർ പറയാതെ ഇതിൽ തീരുമാനം കൈക്കൊള്ളാൻ സാധിക്കില്ലെന്നുമാണ് പോലീസ് പറയുന്നത്.
കെ- റെയിൽ കുറ്റികൾ പൊതുമുതൽ തന്നെയാണെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം. ഈ സാഹചര്യത്തിൽ പൊതുമുതൽ നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് പിൻവലിക്കില്ലെന്ന് ഉറപ്പുവന്നതോടെ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കുമെന്നാണ് സൂചനകൾ.
Comments