കൊച്ചി; ആലപ്പുഴയിലെ വിവാദമായ കൊലവിളി മുദ്രാവാക്യം കേരളം മുഴുവൻ ആവർത്തിക്കുെമന്ന് പോപ്പുലർ ഫ്രണ്ട്. ആർഎസ്എസിനെതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്ന ന്യായീകരണത്തിന്റെ ബലത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി.
ഇന്ന് (ചൊവ്വ) തെരുവുകളിൽ ഈ മുദ്രാവാക്യം ആവർത്തിക്കുമെന്ന് സമൂഹമാദ്ധ്യമപേജിലൂടെ പോപ്പുലർ ഫ്രണ്ട് അറിയിച്ചു. പോലീസ് ഇടപെടൽ ഒഴിവാക്കാൻ ഉച്ചയോടെയാണ് ഈ വിവരം പരസ്യമാക്കിയത്. ആർഎസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചാൽ കേസെടുക്കാനാണ് തീരുമാനമെങ്കിൽ അത് ഉറക്കെ വിളിക്കാനാണ് തീരുമാനമെന്നും തെരുവുകളിൽ ആർഎസ്എസ് ഭീകരതയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കുമെന്നുമാണ് പോപ്പുലർ ഫ്രണ്ട് ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.
അരിയും മലരും കുന്തിരിക്കവും വാങ്ങി സൂക്ഷിക്കാനും നിന്റെയൊക്കെ കാലൻമാർ വരുന്നുണ്ടെന്നുമുളള ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യമാണ് വിവാദമായത്. കൊച്ചുകുട്ടിയെക്കൊണ്ടാണ് ഈ മുദ്രാവാക്യം വിളിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധമുയർന്നത്.
ഹിന്ദുക്കളുടെ സംസ്‌കാര ചടങ്ങുകളെയാണ് അരിയും മലരും കൊണ്ട് ഉദ്ദേശിച്ചത്. കുന്തിരിക്കം ക്രിസ്തീയ വിശ്വാസികളുടെ സംസ്‌കാരചടങ്ങിനെയും സൂചിപ്പിക്കുന്നു. ഹിന്ദു, ക്രിസ്ത്യാൻ വംശഹത്യയ്‌ക്കുളള പരസ്യമായ ആഹ്വാനമാണ് പോപ്പുലർ ഫ്രണ്ട് നടത്തിയതെന്ന് കാണിച്ച് നിരവധി പരാതികൾ ഇതിനോടകം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ഉൾപ്പെടെ നൽകിക്കഴിഞ്ഞു.
കേരളത്തിൽ ഡിജിപിക്കും കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലും ഉൾപ്പെടെ പരാതികൾ നൽകിയിട്ടുണ്ട്. ആദ്യം പരാതികൾ അവഗണിച്ച പോലീസ് പിന്നീട് പ്രതിഷേധം ശക്തമായതോടെ നടപടിയെടുക്കാൻ നിർബന്ധിതമാകുകയായിരുന്നു. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലെടുത്തിരുന്ന ആളെ ആലപ്പുഴ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇതിനിടയിലാണ് വീണ്ടും പ്രകോപന പരമായ മുദ്രാവാക്യം ആവർത്തിക്കാൻ പോപ്പുലർ ഫ്രണ്ട് ഒരുങ്ങുന്നത്.















