ദീർഘദൂരയാത്രയ്‌ക്കായി നമ്മളിൽ പലരും ഉപയോഗിക്കുന്ന പൊതുഗതാഗത സംവിധാനമാണ് ട്രെയിൻ. ട്രെയിൻയാത്ര അത്ര പരിചയമല്ലാത്ത ആൾക്ക് സ്വന്തം സീറ്റ് കണ്ടുപിടിക്കുക വലിയ പ്രയാസമായിരിക്കും. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയും ട്രെയിൻ യാത്രയ്‌ക്കിറങ്ങി. പതിനഞ്ചുവയസുമാത്രം പ്രായമുള്ള അവൾക്ക് ട്രെയിൻ കയറി അത്ര പരിചയമില്ല. അത് കൊണ്ട് തന്നെ ട്രെയിനിലെ കംപാർട്ടമെന്റുകൾ തമ്മിലുള്ള വ്യത്യാസവും അറിയില്ല.
കൂകിപാഞ്ഞ് ട്രെയിനെത്തിയപ്പോൾ ജനറൽ ടിക്കറ്റെടുത്ത് അവൾ നേത്രാവതി എക്‌സ്പ്രസിലെ റിസർവേഷൻ കംപാർട്ടിമെന്റിൽ കയറി. ടിടിഇ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് അവൾക്ക് അബദ്ധം മനസിലായത്. വേറ വഴിയില്ലാത്തതിനാൽ ഫൈൻ അടച്ച് യാത്ര തുടർന്നു. പെൺകുട്ടിയുടെ പരിഭ്രമവും അങ്കലാപ്പും കണ്ട ടിടിഇയുടെ മനസിലെ അച്ഛനുണർന്നു. പെൺകുട്ടിയോട് വാത്സല്യപൂർവ്വം കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞു. പെൺകുട്ടിയുടെ കയ്യിൽ ആവശ്യത്തിന് പണമില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഫൈൻ അടച്ച തുകയും കുറച്ചുപണവും തന്റെ പോക്കറ്റിൽ നിന്ന് എടുത്തുകൊടുത്തു.
അവളുടെ കൈയിൽ നിന്ന് വീട്ടിലെ നമ്പർ വാങ്ങി അമ്മയെ വിളിച്ചു. അവർ തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ അവളെ കൂട്ടാൻ വരുമെന്ന് ഉറപ്പുവാങ്ങി.അതോടൊപ്പം ജനറൽ സിറ്റിങ്ങിൽ നിന്ന് സ്ലീപ്പർ ക്ലാസിലേക്കും അവളെ മാറ്റി. ദീർഘദൂര യാത്രയിൽ കംപാർട്ട്മെന്റിൽ ഒറ്റക്കാവാതിരിക്കാൻ മുൻകരുതലായിരുന്നു അത്. സ്ലീപ്പർ കംപാർട്ടുമെന്റിൽ ചാർജ്ജുള്ള ടി.ടി.ഇയെ വിവരം ധരിപ്പിച്ച ശേഷമാണ് അദ്ദേഹം ഡ്യൂട്ടിയിൽ നിന്ന് ഇറങ്ങിയത്.
പാലക്കാട് സ്വദേശിയായ കൃഷ്ണകുമാറാണ് നന്മ വറ്റാത്ത ഈ ടിടിഇ. പെൺകുട്ടിയാകട്ടെ തിരുവനന്തപുരം അമരവിള സ്വദേശിനിയായ ഷാഹിനയും.വയനാട് പഠിക്കാനെത്തിയ ഷാഹിന തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കോഴിക്കോട് നിന്നാണ് ട്രെയിൻ കയറിയത്. ജൂൺ രണ്ടിന് നടന്ന ഈ സംഭവം പുറം ലോകമറിഞ്ഞത് ജനം ടിവി തൃശൂർ ബ്യൂറോ ചീഫ് ആയ സിജു കറുത്തേടത്തിലൂടെയാണ്. നിസ്സഹായയായ പെൺകുട്ടിയ്‌ക്ക് സഹായമേകിയ ഈ മനുഷ്യന്റെ കഥ അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. ചില നന്മകൾ പ്രഖ്യാപിക്കപ്പെടേണ്ടതു കൂടിയാണെന്നാണ് സിജു കറുത്തേടത്തിന്റെ അഭിപ്രായം.















