കാബൂൾ: അഫ്ഗാനിസ്താനിൽ കുട്ടികളെ പാക് അതിർത്തി കടത്തി അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. പട്ടിണിയും മാനുഷികമായ മറ്റ് പ്രതിസന്ധികളും മൂലമാണ് അഫ്ഗാൻ കുട്ടികളെ പാകിസ്താനിലേക്ക് അതിർത്തി കടത്തുന്നത്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കുട്ടികളെ ചൂഷണം ചെയ്യുന്നതിന് കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തോർഖാം അതിർത്തിയിലെ കൊച്ചുകുട്ടികളാണ് പ്രധാനമായും അതിർത്തി കടക്കുന്നത്. ഇവർ ചാക്കുകൾ മുതുകിൽ ചുമന്ന് അവ വീഴാതിരിക്കാൻ തോളിൽ കെട്ടിയിട്ട് ട്രക്കിന് പിറകിൽ ഓടുന്നത് സ്ഥിരം കാഴ്ചയാണ്. അതിർത്തി കടക്കുന്ന ട്രക്കുകൾക്ക് പിറകെ കയറിപ്പറ്റുകയാണ് ഇവരുടെ ലക്ഷ്യം. മൂന്നിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളാണിത്. ട്രക്കുകളിൽ കയറി പാകിസ്താനിലേക്ക് പ്രവേശിക്കുകയും അവിടെയെത്തി സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു. സിഗരറ്റ്, ബാറ്ററി, ഭക്ഷ്യവസ്തുക്കൾ തുടങ്ങി പലതുമാണ് കുട്ടികളുടെ പക്കലുള്ളത്. പകരം അവർക്ക് പഞ്ചസാര, മാവ്, പയർവർഗങ്ങൾ തുടങ്ങിയവ ലഭിക്കും. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടുന്ന കുട്ടികളെ അഫ്ഗാനിലേക്ക് തന്നെ തിരിച്ചയക്കുന്നു.
കുട്ടികളുടെ കയ്യിൽ പലപ്പോഴും നിരോധിത മരുന്നുകളും ലഹരിവസ്തുക്കളും അടങ്ങിയ ബാഗുകളും ഉണ്ടാകാറുണ്ട്. പാകിസ്താനിൽ വിലകുറച്ച് ലഹരിവസ്തുക്കൾ വിൽക്കുകയാണ് ഉദ്ദേശ്യം. എന്നാൽ ടോർഖാം മേഖലയിലെ കർശന പരിശോധന കാരണം കുട്ടികൾ പിടിക്കപ്പെടുന്നു. അതേസമയം ട്രക്കുകളിൽ ഒളിച്ച് അതിർത്തി കടക്കാൻ ശ്രമിക്കുന്ന കുട്ടികൾ പലപ്പോഴും ട്രക്കിനുള്ളിൽ ഇടുങ്ങി മരിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യം അഭിമുഖീകരിക്കുന്ന പട്ടിണിയും ഭക്ഷ്യവസ്തുക്കളുടെ അലഭ്യതയുമാണ് കുട്ടികൾ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നതിലേക്ക് നയിക്കുന്നത്.
Comments