കോഴിക്കോട് പേരാമ്പ്രക്ക് അടുത്തുള്ള ആവള പാണ്ടിയിലെ പിങ്ക് നദിയുടെ ചിത്രം പങ്കുവെച്ച് ശ്രദ്ധേയമാവുകയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. “വിനോദസഞ്ചാരികൾ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നു എന്ന് കേൾക്കുന്നതിൽ എനിക്ക് അത്ഭുതമില്ലെന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രങ്ങൾ പങ്കുവെച്ചത്. ‘പ്രതീക്ഷയുടെ നദി’ എന്നാണ് ആനന്ദ് മഹീന്ദ്ര പിങ്ക് നദിയെ വിശേഷിപ്പിച്ചത്. ഈ ചിത്രം കാണുമ്പോൾ എനിക്ക് ശുഭാപ്തി വിശ്വാസം തോന്നുന്നു, ഈ ചിത്രമാണ് ഇപ്പോൾ എന്റെ പുതിയ സ്ക്രീൻ സേവറെന്നും ആനന്ദ് മഹീന്ദ്ര പങ്കുവെക്കുന്നു.
അക്വേറിയങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു തെക്കേ അമേരിക്കൻ സസ്യമാണ് ഫോർക്ക്ഡ് ഫാൻവോർട്ട്, അഥവാ ‘മുള്ളൻ പായൽ’ . ഇത് റെഡ് കബോംബയുടെ കുടുംബത്തിൽ പെട്ട ഒരു തരം പായൽ സസ്യമാണ് . ആകസ്മികമായോ, അക്വേറിയം പ്ലാന്റ് തോട്ടിൽ ഉപേക്ഷിച്ചതിനാലോ ആകാം പാണ്ടി നദിയിൽ മുള്ളൻ പായൽ വളർന്നതെന്നും ജീവശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇത് പ്രദേശിക ജലസസ്യങ്ങൾക്ക് ഭീഷണിയാണെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
സന്ദർശകരിൽ പലരും മുള്ളൻ പായൽ പറിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് പ്രാദേശിക ആവാസവ്യവസ്ഥയ്‌ക്ക് നാശമുണ്ടാക്കുമെന്നാണ് ജീവശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. “പിങ്ക്” കേരള നദിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ഇതാദ്യമായല്ല. 2021 ൽ വാർത്താ ഏജൻസിയായ എഎൻഐ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. മുള്ളൻ പായൽ കോഴിക്കോട്ട് പൂക്കുന്നു എന്നായിരുന്നു എഎൻഐയുടെ വാർത്താ തലക്കെട്ട്. പിന്നീട് ഈ സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി മാറിയെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്തുടനീളമുള്ള ജലസ്രോതസ്സുകളിലും ഡ്രെയിനേജ് കനാലുകളിലും ഈ സസ്യം വ്യാപിക്കുമെന്നാണ് ജൈവ ശാസ്ത്രജ്ഞർ കരുതുന്നത്. മുള്ളൻ പായലിന് വളരുന്നതിന് വലിയ അളവിൽ ഓക്സിജൻ ആവശ്യമാണ്. ശുദ്ധജല ജൈവ വൈവിധ്യത്തെ ഇത് മോശമായി ബാധിക്കും. ജലത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കുമെന്ന് കേരള വനഗവേഷണ സ്ഥാപനത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ടി.വി.സജീവ് വിശദമാക്കുന്നു.















