കൊൽക്കത്ത: കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്ന് തിരിച്ചെത്തട്ടെ എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ മമത ആശങ്ക പ്രകടിപ്പിച്ചു. കൊറോണ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് സോണിയാ ഗാന്ധിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ന്യൂ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
‘മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഇപ്പോൾ അറിഞ്ഞു. അവർ സുഖം പ്രാപിച്ച് പൊതുജീവിതത്തിലേക്ക് മടങ്ങിവരാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സോണിയാജി’, എന്നാണ് മമതാ ബാനർജി ട്വീറ്റ് ചെയ്തത്.
അതേ സമയം സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ച് ദിവസത്തേക്ക് ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുഖ്യ വക്താവുമായ രൺദീപ് സുർജേവാല അറിയിച്ചു.
കോൺഗ്രസ് പ്രസിഡന്റ്, സോണിയാ ഗാന്ധിയെ കൊറോണ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർ ആരോഗ്യവതിയാണെന്നും നിരീക്ഷണത്തിനായി ആശുപത്രിയിൽ തുടരുമെന്നും സുർജേവാല ട്വിറ്ററിൽ കുറിച്ചു. എല്ലാ അഭ്യുദയകാംക്ഷികളോടും അവരുടെ ഉത്കണ്ഠയ്ക്ക് തങ്ങൾ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 2 ന് ആണ് സോണിയാ ഗാന്ധിക്ക് കൊറോണ സ്ഥിരീകരിച്ചത്.
ജൂൺ 8 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകേണ്ടിയിരുന്ന സോണിയാ ഗാന്ധി കൊറോണയെ തുടർന്ന് അന്വേഷണ ഏജൻസിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ജൂൺ 23 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഏജൻസി പുതിയ സമൻസ് അയച്ചിട്ടുണ്ട്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ് ഇഡി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments