കൊൽക്കത്ത : പ്രവാചക നിന്ദയാരോപിച്ച് പശ്ചിമ ബംഗാളിൽ വർഗീയ കലാപം നടത്താനുള്ള ശ്രമവുമായി മതമൗലികവാദികൾ. ട്രെയിനിന് നേരെ കല്ലെറിഞ്ഞും കൊള്ളയടിച്ചുമാണ് മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിടുന്നത്.
നാദിയ ജില്ലയിലെ ബെതുവാദഹരി സ്‌റ്റേഷനിലേക്ക് വരികയായിരുന്ന ലോക്കൽ ട്രെയിനിന് നേരെയാണ് അക്രമികൾ കല്ലെറിഞ്ഞത്. നൂപുർ ശർമ്മയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ റാലിക്ക് പിന്നാലെയായിരുന്നു ആക്രമണം. റാലിക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തിയതോടെ പ്രതിഷേധക്കാർ ഓടിപ്പോയെങ്കിലും പിന്നീട് ഇവർ റെയിൽവേ സ്റ്റേഷനിലേക്ക് ഇരച്ചുകയറിവരികയായിരുന്നു. ട്രെയിനിന് നേരെ കല്ലെറിയുകയും ആളുകളെ ആക്രമിക്കുകയുമാണ് ചെയ്തത്. ഇതോടെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം റദ്ദാക്കേണ്ടിവന്നു.
ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഏകദേശം 0.5 കിലോമീറ്റർ അകലെയായിരുന്നപ്പോൾ അവിടെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടെന്ന് ട്രെയിനിലെ യാത്രക്കാർ പറഞ്ഞു. ആദ്യം എന്താണ് സംഭവമെന്ന് മനസിലായില്ല. പിന്നാലെ ഒരു ജനക്കൂട്ടം തങ്ങളെ ഇഷ്ടികകൊണ്ട് ആക്രമണം നടത്താൻ ആരംഭിച്ചു. വടിയും കല്ലും ഉപയോഗിച്ച് ഡ്രൈവറെയും ആക്രമിച്ചു. ട്രെയിനിന് മുകളിലുള്ള ഇലക്ട്രിക് വയറുകളും അവർ തകർത്തു. ഏകദേശം 45 മിനിറ്റോളം തങ്ങൾ ബെതുവാദാഹാരി സ്റ്റേഷന് പുറത്ത് കുടുങ്ങി കിടന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
പോലീസും റെയിൽവേ ഉദ്യോഗസ്ഥരും എത്തി എല്ലാ ജനലും വാതിലും അടയ്‌ക്കാൻ നിർദ്ദേശം നൽകി. തുടർന്നാണ് ട്രെയിൻ ഓടാൻ ആരംഭിച്ചത് എന്ന് യാത്രക്കാർ പറഞ്ഞു. തങ്ങളുടെ നിരവധി സാധനങ്ങൾ മോഷണം പോയതായും യാത്രക്കാർ പറയുന്നുണ്ട്.
Comments