ലക്‌നൗ: ഉത്തർപ്രദേശിൽ വൻ വിജയമായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ സമൂഹവിവാഹം. മുഖ്യമന്ത്രിയുടെ സാമൂഹിക വിവാഹ പദ്ധതി പ്രകാരം 12,000 ദമ്പതികളാണ് വിവാഹിതരായത്. സംസ്ഥാനത്തെ 60 ജില്ലകളിൽ നിന്നുള്ളവരാണ് വധൂവരന്മാർ. സാമ്പത്തികശേഷിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവർക്കാണ് പദ്ധതി പ്രയോജനം ചെയ്യുക. വിവാഹത്തിന്റെ പൂർണ ചെലവും സർക്കാരാണ് വഹിക്കുന്നത്. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലാണ് ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് വിവാഹം നടന്നത്.
ജൂൺ 17ന് 6000-7000 ദമ്പതികൾ കൂടി പദ്ധതിയുടെ കീഴിൽ വിവാഹിതരാകുമെന്ന് സാമൂഹികക്ഷേമ മന്ത്രി അസിം അരുൺ പറഞ്ഞു. 2017ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിൽ പങ്കാളികളാകണമെന്നുള്ളവർ ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽകുന്നത്. വിവാഹച്ചെലവിന് പുറമെ നിരവധി സമ്മാനങ്ങളും സർക്കാർ ഇവർക്കായി നൽകുന്നുണ്ട്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ബാങ്ക് അക്കൗണ്ടിലേക്ക് 35,000 രൂപ എന്നിങ്ങനെയാണ് വധുവിന് സമ്മാനമായി സർക്കാർ നൽകുന്നത്.
മന്ത്രിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമാണ് വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചത്. സംഭാൽ (419), ഗാസിപൂർ (418) ജില്ലകളിലാണ് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുക എന്നതിനപ്പുറം, സ്ത്രീധനം നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യവും സർക്കാരിനുണ്ടെന്നും അസിം അരുൺ പറഞ്ഞു.















