ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണം റദ്ദാക്കാൻ കോൺഗ്രസ് നടത്തുന്ന നാടകങ്ങൾക്കെതിരെ തുറന്നടിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പാർട്ടി നേതാക്കളെ തെരുവിലിറക്കി സമരം നടത്തുന്നതിലൂടെ കേന്ദ്ര ഏജൻസികളെ സമ്മർദ്ദത്തിലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് സ്മൃതി ഇറാനി തുറന്നടിച്ചു. കുടുംബ സ്വത്തുക്കൾ കാത്ത് സൂക്ഷിക്കാനുള്ള ”ഗാന്ധി കുടുംബത്തിന്റെ” ഗൂഢ തന്ത്രമാണിതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
1930 കളിൽ, 5,000 സ്വാതന്ത്ര്യ സമര സേനാനികളെ ഉടമകളാക്കിക്കൊണ്ടാണ് അസോസിയേറ്റ് ജേണൽസ് ലിമിറ്റഡ് രൂപീകരിച്ചത്. പത്രങ്ങൾ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ 2008-ൽ, ഇനി പത്രങ്ങൾ പ്രസിദ്ധീകരിക്കില്ലെന്നും കമ്പനി റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് കടക്കുകയാണെന്നും പ്രഖ്യാപിച്ചു. 90 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും കോൺഗ്രസ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികൾ നടത്തേണ്ട ഒരു കമ്പനിയാണ് ഇന്ന് ”ഗാന്ധി കുടുംബം” തട്ടിയെടുത്തിരിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സംഭാവനയായി ലഭിക്കുന്ന പണം കോൺഗ്രസ് പാർട്ടി പൊതുസേവനത്തിനല്ല ഉപയോഗിക്കുന്നത് എന്നും പകരം നെഹ്റു കുടുംബത്തിന് ലാഭമുണ്ടാക്കാനാണ് വിനിയോഗിക്കുന്നത് എന്നും സ്മൃതി ഇറാനി പറഞ്ഞു. സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് പാർട്ടി പ്രവർത്തിക്കുന്നത് എന്നും സ്മൃതി ഇറാനി ആരോപിച്ചു.
പ്രതിഷേധമെന്ന പേരിൽ രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറുന്നതിനിടെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. രാവിലെ സഹോദരി പ്രിയങ്ക വാദ്രയ്ക്കൊപ്പം എഐസിസി ആസ്ഥാനത്ത് നിന്നും നടന്നാണ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനെത്തിയത്. തുടർന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പ്രദേശത്ത് വ്യാപക പ്രതിഷേധം അഴിച്ചുവിടുകയായിരുന്നു.
Comments