ഹൈദരാബാദ്: കോൺഗ്രസ് പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കോളറിൽ പിടിച്ച് അപമാനിച്ച് കോൺഗ്രസ് നോതാവ്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രേണുക ചൗധരി ഹൈദരാബാദ് പോലീസിന്റെ കോളറിൽ പിടിച്ച് ഉദ്യോഗസ്ഥനെ അപമാനിച്ചത്. ഉദ്യോഗസ്ഥന്റെ കോളറിൽ പിടിച്ച് വലിക്കുന്നതും തള്ളുന്നതിന്റെയും വീഡിയോ പുറത്ത് വന്നതോടെ വിവാദമാകുകയായിരുന്നു.
ഹൈദരാബാദിലെ രാജ്ഭവന് സമീപം കോൺഗ്രസ് ആഹ്വാനം ചെയ്ത “ഘേരാവോ രാജ്ഭവൻ” പ്രതിഷേധത്തിനിടെയാണ് സംഭവം അരങ്ങേറിയത്. രാജ്ഭവനിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥൻ തടഞ്ഞതാണ് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. പോലീസ് തടയാൻ ശ്രമിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥന് നേരെ തട്ടി കയറുകയും കോളറിൽ പിടിച്ച് പ്രവർത്തകർക്ക് മുന്നിൽ വലിച്ച്കൊണ്ട് അപമാനിക്കുകയുമായിരുന്നു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി രേണുക ചൗധരി രംഗത്ത് വന്നു. പോലീസ് ഉദ്യോഗസ്ഥൻ തങ്ങളെ തള്ളിയിടുകയും നുള്ളുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തതോടെയാണ് പ്രതികരിച്ചെതെന്നും തോളിൽ പിടിച്ച് മാറ്റാൻ സാധിക്കാത്തതിനാലാണ് കോളറിൽ പിടിച്ചതെന്നും അവർ പ്രതികരിച്ചു. തങ്ങൾക്ക് പോലീസ് സേനയോടും യൂണിഫോമിനോടും ബഹുമാനം ഉണ്ടെന്നും രേണുക ചൗധരി കൂട്ടിചേർത്തു.
Comments