ഹൈദരാബാദ് : പ്രവാചകൻ മുഹമ്മദ് നബി ഇസ്ലാമിന്റെ ഹൃദയമാണെന്ന് എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസി. ആ പ്രവാചകനെ നിന്ദിച്ച ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ നടപടിയെടുക്കണമെന്നും ഒവൈസി പറഞ്ഞു. ഹൈദരാബാദിൽ നൂപുർ ശർമ്മയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ഒവൈസിയുടെ പരാമർശം.
നൂപുർ ശർമ്മയുടെ പ്രസ്താവനയെ ശക്തമായി എതിർക്കുന്നു. അവർക്കെതിരെ സംസാരിക്കാൻ തനിക്ക് പിന്തുണ നൽകിയ രാജ്യത്തെ എല്ലാ മുസ്ലീങ്ങൾക്കും നന്ദി. താൻ പറയുന്ന കാര്യങ്ങളെ ഇന്ന് എല്ലാവരും ചോദ്യം ചെയ്യുകയാണ്. സ്വന്തം അമ്മയെക്കുറിച്ച് മോശം പറഞ്ഞാൽ ആരെങ്കിലും അത് സഹിച്ചിരിക്കുമോ എന്നാണ് അവരോട് ചോദിക്കാനുള്ളത്. പ്രവാചകന്റെ ഭാര്യ തങ്ങളുടെ അമ്മമാരുടെയെല്ലാം അമ്മയാണെന്നും അവരെ പറഞ്ഞാൽ മുസ്ലീങ്ങൾ ആരും സഹിക്കില്ലെന്നും അസദ്ദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.
മുസ്ലീങ്ങൾ തകർച്ചയിലേക്കാണ് പോകുന്നത് എന്നും ഒവൈസി പറഞ്ഞു. അതിനെ നേരിടണമെങ്കിൽ എല്ലാവരും വീഡിയോ ഗെയിം കളിക്കുന്നത് നിർത്തണം. ബാറിൽ പോകുന്നതും മദ്യപിക്കുന്നതും മോശം സ്ത്രീകളുമായി ഇടപഴകുന്നതുമെല്ലാം ഒഴിവാക്കണമെന്നും ഒവൈസി നിർദ്ദേശിച്ചു.
Comments