ന്യൂഡൽഹി: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. സോണിയക്ക് വീട്ടിൽ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
കൊറോണ സ്ഥിരീകരിച്ച് ദിവസങ്ങൾക്ക് ശേഷം, ജൂൺ 12നാണ് സോണിയ ഗാന്ധിയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയക്ക് ശ്വാസകോശത്തിൽ ഫംഗസ് ബാധ ഉണ്ടായതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. ജൂൺ 23ന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 8ന് ഹാജരാകാനാണ് സോണിയ ഗാന്ധിയോട് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊറോണ പോസിറ്റീവ് ആയതോടെ സോണിയ ഗാന്ധി സാവകാശം തേടുകയായിരുന്നു. ഇത് ഇഡി അംഗീകരിച്ചിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെയേയും കോൺഗ്രസ് ട്രഷറർ പവൻ ബൻസാലിനെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഉടമസ്ഥരായ യംഗ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിച്ച് വരികയാണ്.
Comments