തിരുവനന്തപുരം: കെ എസ് ആര് ടി സിക്ക് 12,100 കോടി രൂപയിലധികം കടമുള്ളതായാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വായ്പാ കുടിശികയായി സര്‍ക്കാരിന് 8713.05 കോടിയും, കണ്‍സോര്‍ഷ്യം വായ്പയായ 3030.64 കോടിയും, കെ ടി എഫ് ടി സിക്ക് നല്‍കാനുള്ള 356.65 കോടി രൂപയും ഉള്‍പ്പെടെയുള്ള കണക്കാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്കിയ കണക്ക് ഹൈക്കോടതിയെ തെറ്റിധരിപ്പിക്കുന്നതാണെന്ന് ബിഎംഎസ് ആരോപിച്ചു.
5255 ബസുകള്‍ നിരത്തില്‍ സര്‍വീസ് നടത്തുന്നതായും 300 ബസുകള്‍ മാത്രമാണ് കട്ടപ്പുറത്തുള്ളതെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് ബിഎംഎസ് ചൂണ്ടികാണിക്കുന്നു. 3300 സര്‍വീസുകള്‍ മാത്രമാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നതെന്നും 2885 ബസ്സുകള്‍ യാര്‍ഡുകളിലേക്ക് മാറ്റിയിട്ട വിവരം സര്‍ക്കാര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയാണെന്നും ബിഎംഎസ് കുറ്റപ്പെടുത്തി.
സംസ്ഥാന ബജറ്റില്‍ കെ എസ് ആര് ടി സിക്കായി വകയിരുത്തുന്ന തുകയെല്ലാം ഹൈക്കോടതിയില്‍ വായ്പയായി മാറ്റി. പ്ലാന്‍ ഫണ്ടുപോലും വായ്പയായി കണക്കാക്കുന്ന നാണംകെട്ട നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പെന്ഷന് പോലും കെ എസ് ആര് ടി സിക്ക് അനുവദിക്കുന്ന തുകയില്‍ നിന്ന് നല്കിയിട്ടാണ് ഇത്തരം കേട്ടുകേള്‍വിയില്ലാത്ത കടബാധ്യത അടിച്ചേല്‍പ്പിക്കുന്നത്. കെ എസ് ആര് ടി സിയുടെ വരവു – ചെലവ് കണക്കിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന സമീപനമാണ് ഇടതു സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നത്.
സഹകരണാടിസ്ഥാനത്തിലുള്ള അഴിമതിയാണ് കെഎസ് ആര് ടി സിയില്‍ നടക്കുന്നത്. നൂറു കോടിയുടെ തിരിമറി പുറത്തുവന്നിട്ടും തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തത് പല ഉന്നതരും കുടുങ്ങുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ്. സര്‍ക്കാരും മാനേജ്മെന്റും കണക്കിലെ കള്ളക്കളി അവസാനിപ്പിക്കണമെന്നും കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ കെ എസ് ആര് ടി സിയുടെ വരവ് ചെലവ് കണക്കിന്റെ ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
കെ എസ് ആര് ടി സി ജീവനക്കാരുടെ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് ബിഎംഎസ് സെക്രട്ടറിയേറ്റിന് മുന്പില് നടത്തുന്ന ധര്‍ണ്ണ പതിനഞ്ച് ദിവസം പിന്നിട്ടു.
Comments