ഇടുക്കി : മുഖ്യമന്ത്രിയെ വഴിതടയാൻ വന്നാൽ കോൺഗ്രസുകാരെ വഴിനടത്തില്ലെന്ന് മുൻമന്ത്രിയും ഇടുക്കിയിലെ സിപിഎം നേതാവുമായ എംഎം മണി. ഇതുമായി ബന്ധപ്പെട്ട് കേസ് ഉണ്ടായാൽ പുല്ലാണ്. ഇന്നലെ സിപിഎം നേതൃത്വത്തിൽ ശാന്തൻപാറയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎം മണി. ഇടുക്കിയിലെ എംപി ഒരു കിഴങ്ങനാണെന്നും എംഎം മണി പരിഹസിച്ചു.
”ഒരു വിഡ്ഢിയായ എംപിയെ ഇടുക്കിയിലെ ജനങ്ങൾ ചുമക്കുകയാണ്. അവന് എന്തോ വിവരം ഉണ്ട്. പുള്ളി ഇവിടെ ഒലത്തികൊണ്ടിരിക്കാണേ. ഇങ്ങനെയൊരു കിഴങ്ങൻ എംപി” എന്നായിരുന്നു എംഎം മണി ഡീൻ കുര്യാക്കോസിനെ വിമർശിച്ചത്.
അതേസമയം ഡീൻ കുര്യാക്കോസിനെ അവഹേളിച്ചെന്ന് കാട്ടി എംഎം മണിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. എംഎം മണിയുടെ ഭീഷണി പ്രസംഗം ഇടുക്കി ജില്ലയിൽ ആസൂത്രിതമായി കലാപം സൃഷ്ടിക്കുകയെന്ന ഉദ്യേശത്തോടെയാണെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു. വാ പോയ കോടാലി പോലെ നിരന്തരം വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും തൊഴിലാക്കിയ എംഎം മണി ജനപ്രതിനിധിക്ക് ചേരാത്ത സ്വഭാവമാണ് പുറത്തെടുക്കുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് അരുൺ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
Comments