കോഴിക്കോട്: ഫ്‌ളക്‌സ് ബോർഡ് കീറിയെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകനെ പൊതിരെ തല്ലി എസ്ഡിപിഐക്കാർ. ബാലുശ്ശേരി സ്വദേശി ജിഷ്ണുവിനാണ് മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ജിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്.
പാലോളിമുക്കിൽ ഇന്നലെ രാത്രി ഒരുമണിയോടെയാണ് ജിഷ്ണുവിന് നേരെ ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് പോകുകയായിരുന്ന യുവാവിനെ റോഡിൽ തടഞ്ഞുനിർത്തി എസ്ഡിപിഐക്കാർ തല്ലുകയായിരുന്നു. ആര് പറഞ്ഞിട്ടാണ് ഫ്‌ളക്‌സ് കീറിയതെന്ന് ചോദിച്ചായിരുന്നു മർദ്ദനം. ഇതിന് ശേഷം ജിഷ്ണുവിനെ എസ്ഡിപിഐക്കാർ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവ സമയം ജിഷ്ണുവിന്റെ പക്കൽ വടിവാളുള്ളതായി ദൃശ്യങ്ങളിൽ കാണാം. ആര് പറഞ്ഞിട്ടാണ് ഫ്‌ളക്‌സ് കീറിയതെന്ന് ചോദിക്കുമ്പോൾ പാർട്ടി പറഞ്ഞിട്ടാണെന്നാണ് ജിഷ്ണു നൽകുന്ന മറുപടി. നേതാക്കളുടെ പേരുകളും ഇയാൾ പറയുന്നുണ്ട്.
അതേസമയം താൻ ഫ്‌ളക്‌സ് നശിപ്പിച്ചിട്ടില്ലെന്നും തന്നെ മർദ്ദിച്ച് സിപിഎം നേതാക്കളുടെ പേര് പറയിക്കുകയായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു. കയ്യിലുള്ള വടിവാൾ എസ്ഡിപിഐക്കാർ തന്നതാണ്. തന്നെ ആക്രമിച്ചവരുടെ സംഘത്തിൽ മുസ്ലീം ലീഗ് പ്രവർത്തകരും ഉണ്ടായിരുന്നു. മുപ്പതോളം പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി.
പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ജിഷ്ണുവിന്റെ പക്കലുണ്ടായിരുന്ന വടിവാൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജിഷ്ണുവിനെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
Comments