ചെന്നൈ : തമിഴ്‌നാട്ടിൽ മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി. 2020 ൽ കൊറോണ മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗൺ ആരംഭിച്ചത് മുതൽ 600 ഓളം മൊബൈൽ ടവറുകളാണ് മോഷണം പോയത്. 2018 ൽ പ്രവർത്തനം നിർത്തിയ എയർസെൽ കമ്പനിയുടേതാണ് ടവറുകൾ. ജിടിഎൽ ഇൻഫ്രസ്ട്രക്ചർ ഉടമസ്ഥതയിലുള്ള 32 ലക്ഷം രൂപ വിലമതിക്കുന്ന 600 ടവറുകളാണ് മോഷണം പോയത്.
കമ്പനി ഇന്ത്യയിലുടനീളം 26,000 മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ മാത്രം ആറായിരത്തിലധികം മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിച്ച് പരിപാലിക്കുന്നുണ്ട്. എന്നാൽ 2018ൽ സ്വകാര്യ ടവർ സർവീസ് കമ്പനി വൻ നഷ്ടം കാരണം സർവീസ് നിർത്തി. അങ്ങനെ രാജ്യത്തുടനീളം സ്ഥാപിച്ച മൊബൈൽ ഫോൺ ടവറുകളുടെ നെറ്റ്വർക്ക് സേവനം സ്തംഭിച്ചു.
കൊറോണ മഹാമാരിക്കിടെ കമ്പനിയുടെ മേൽനോട്ടം പലയിടങ്ങളിലും നിർത്തിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ടവറുകൾ മോഷണം പോയത്. മറ്റ് നെറ്റ് വർക്ക് ആവശ്യങ്ങൾക്കായി മൊബൈൽ ടവറുകളുടെ സ്ഥിതി പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്. എന്നാൽ ഇത് എങ്ങനെ മോഷണം പോയെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments