ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്നും മൂന്ന് പാകിസ്താനി ബോട്ടുകൾ പിടിച്ചെടുത്ത് ബിഎസ്എഫ്. ഭുജ് അതിർത്തിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കച്ചിലെ ഹറാമി നള ക്രീക്ക് മേഖലയിൽ നിന്നാണ് പാക് ബോട്ടുകൾ പിടികൂടിയത്.
പട്രോളിങ്ങിനിടെയാണ് പാക് ബോട്ടുകളുടെ സാന്നിധ്യം ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവ പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ എത്തുന്നത് കണ്ടതോടെ പാക് ബോട്ടുകളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ബോട്ട് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
അതിനിടെ പിടിച്ചെടുത്ത ബോട്ടുകൾ ബിഎസ്എഫ് വിശദമായി പരിശോധിച്ചു. മത്സ്യങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും ഒഴികെ സംശയാസ്പദമായ വസ്തുക്കൾ ബോട്ടിൽ നിന്നും കണ്ടെടുക്കാനായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിലിലും ഇതേ മേഖലയിൽ നിന്ന് പാകിസ്താന്റെ മത്സ്യബന്ധന ബോട്ടുകൾ കണ്ടെത്തിയിരുന്നു.
Comments