മുംബൈ : മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് ഡൽഹിയിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ വിമത നീക്കം നടക്കുന്നതിനിടെ കൂടുതൽ ചർച്ചകൾക്ക് വേണ്ടിയാണ് ഫഡ്നാവിസ് ഡൽഹിയിൽ എത്തിയത്.
അതേസമയം ഭരണപ്രതിസന്ധി ഒഴിവാക്കാൻ മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും ഉൾപ്പെട്ട മഹാവികാസ് അഖാഡി വിടാൻ തയ്യാറെന്ന് ശിവസേനയും അറിയിച്ചിരിക്കുകയാണ്. 12 വിമതരെ അയോഗ്യരാക്കാൻ ഔദ്യോഗിക പക്ഷം നീക്കങ്ങൾ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് താക്കറെയുടെ പക്ഷം ഡെപ്യൂട്ടി സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ മഹാവികാസ് സഖ്യം ഉപേക്ഷിക്കാനുള്ള സന്നദ്ധത വൈകിപ്പോയെന്ന് പറഞ്ഞ ഏക്നാഥ് ഷിൻഡെ ഗവർണറെ കാണാനൊരുങ്ങുകയാണ്.
വിമതനേതാവ് ഏക്നാഥ് ഷിൻഡെയോടൊപ്പം ചേർന്ന ശിവസേനാവിമതർ 42 ആയി. പാർട്ടിയുടെ 55 എംഎൽഎമാരിൽ 35 പേർ ഗുവാഹത്തിയിലെ റാഡിസൺ ഹോട്ടലിലാണ് ഉള്ളത്. ഇവരോടൊപ്പം ഏഴ് സ്വതന്ത്രരുമുണ്ട്. കോൺഗ്രസിനും എൻസിപിയുമായുള്ള സഖ്യം ഒഴിവാക്കണമെന്നതാണ് വിമതരുടെ പ്രധാന ആവശ്യം. മഹാവികാസ് അഖാഡി സഖ്യത്തോടൊപ്പം ചേർന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്.
Comments