മൂന്നാർ: നാൽകാലികളുടെ കൂട്ടത്തെ കസ്റ്റഡിയിലെടുത്ത് പഞ്ചായത്ത് അധികൃതർ. ജില്ലാ കലക്ടറുടെ വാഹനം തടഞ്ഞതിനാണ് പഞ്ചായത്ത് അധികൃതർ നാൽകാലികളെ കസ്റ്റഡിയെലുടത്തത്. രസകരമായ സംഭവം നടന്നത് മൂന്നാറിലാണ്. കളക്ടർ ഷീബ ജോര്‍ജ്ജിന്റെ വാഹനത്തിനാണ് നാൽകാലികൾ തടസ്സമായത്.
മൂന്നാർ ടൗണിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നാൽകാലികൾ. പലപ്പോഴും വാഹനങ്ങൾക്ക് കുറുകെ നടന്ന് അവ യാത്രയ്‌ക്ക് തടസ്സം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഈ തവണ നാൽകാലികൾക്ക് ആള് മാറി പോയി. കളക്ടറുടെ വാഹനത്തിന് തടസ്സമായതോടെ പഞ്ചായത്ത് അധികൃതർ നടപടി എടുക്കുകയായിരുന്നു.
കളക്ടറുടെയടക്കം വാഹനങ്ങൾക്ക് തടസ്സമായ കന്നുകാലികൾ വാഹനങ്ങൾ ശബ്ദം മുഴക്കിയതോടെയാണ് റോഡിൽ നിന്ന് പിൻമാറിയത്. കളക്ടറുടെ ഔദ്യോഗിക യാത്രയ്‌ക്ക് തടസ്സമായത് നാട്ടുകാർ പഞ്ചായത്ത് അധികൃതരുടെ മുന്നിൽ പരാതിപ്പെട്ടതോടെയാണ് പഞ്ചായത്തിന്റെ നീക്കം. തടസ്സമായ കന്നുകാലികളെ കണ്ടെത്തി അവയെ കസ്റ്റഡിയിൽ വെയ്‌ക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികളാണ് ഇവയെ പഞ്ചായത്ത് അധികൃതർക്ക് പിടിച്ച് നൽകിയത്. ഉടമകൾ എത്തി പിഴ അടച്ചതോടെയാണ് കന്നുകാലികളെ പഞ്ചായത്ത് വിട്ടുനൽകിയത്.















