പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ഒരേ കിണറ്റിൽ അകപ്പെട്ട് പുലിയും കാട്ടുപന്നികളും. മേപ്പാടി വനവാസി കോളനിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഒരു പുലിയും മൂന്ന് കാട്ടുപന്നികളും അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയേയും പന്നികളെയും കരക്ക് കയറ്റിയെങ്കിലും ഒരു പന്നി ചത്തു.
മേപ്പാടി വനവാസി കോളനിക്ക് സമീപത്തെ സുരേന്ദ്രൻ എന്ന സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ്
പുലിയും കാട്ടുപന്നികളും പെട്ടത്. രാവിലെ പണിക്കുപോയ പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആദ്യം കോണി ഉപയോഗിച്ച് പുലിയെ കെണിയിൽപെടുത്താൻ ശ്രമിച്ചെങ്കിലും പുലി കോണിയിലൂടെ കയറി കാട്ടിലേക്ക് കുതിച്ചു. പിന്നാലെ പന്നികളെയും പിടികൂടിയെങ്കിലും ഒരു പന്നി ചത്തു.
തീറ്റ തേടി കാടിറങ്ങിയ പുലി പന്നിക്കൂട്ടത്തെ തുരത്തുന്നതിനിടെ കിണറ്റിൽ വീണതാവാമെന്നാണ് വനം വകുപ്പ് കരുതുന്നത്. അതേസമയം പ്രദേശത്ത് പുലി, ആന, പന്നി തുടങ്ങി വന്യജീവി ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.















