മുംബൈ: ആരാധകരെ എന്നും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സോഷ്യൽമീഡിയ പോസ്റ്റുമായി വീണ്ടും വ്യവസായി ആനന്ദ് മഹീന്ദ്ര. ഹിമാചലൽ പ്രദേശിൽ നിന്നും ഒരു യാത്രികൻ എടുത്ത ചിത്രമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിലൂടെ വൈറലായത്. മലയോരമേഖലയിലെ കാട്ടിൽ ഒറ്റയ്‌ക്കിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.
Beautiful photograph, Abhishek.
She is my #MondayMotivation https://t.co/NMViCvaAwO— anand mahindra (@anandmahindra) June 27, 2022
ചിന്തകളെ എന്നും ചൂടുപിടിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്‌ക്കുന്ന ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണ് വൈറലായത്. അഭിഷേക് ദുബെ എന്ന യാത്രികൻ ഹിമാചലിൽ നിന്നും പകർത്തിയ ദൃശ്യമാണ് ഇതാണ് ഈ ദിനത്തിലെ തന്റെ പ്രേരണയെന്ന തലവാചകത്തോടെ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. ‘ അതിമനോഹര ചിത്രം. അഭിഷേക്. ഇന്ന് ഇവളാണ് എന്റെ പ്രേരണ.’ എന്ന വാചകത്തോടെയാണ് ട്വീറ്റ് ആരാധകരിലേയ്‌ക്ക് എത്തിച്ചത്.
‘ താൻ ഹിമാചലിലെ ഗ്രാമീണഭംഗി തേടിയുള്ള യാത്രയിലായിരുന്നു. പെട്ടന്നാണ് ഒരു അരുവിയുടെ കരയിൽ കാട്ടിൽ ഒറ്റയ്‌ക്കിരുന്ന് പഠനം നടത്തുന്ന പെൺകുട്ടി ശ്രദ്ധയിൽപ്പെട്ടത്. അവൾ പാഠപുസ്തകം വായിക്കുകയും നോട്ടുകൾ കുറിയ്‌ക്കുക യുമായിരുന്നു. എത്ര ശ്രദ്ധയോടെയാണ് ആ മിടുക്കി പുസ്തകവായനയിലും പഠനത്തിലും മുഴുകിയിരിക്കുന്നതെന്നത് വലിയ ആത്മവിശ്വാസവും സന്തോഷവും പകർന്നിരിക്കുന്നു.’ ചിത്രമെടുത്ത അഭിഷേക് ട്വിറ്ററിൽ കുറിച്ചു. ഈ ചിത്രമാണ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽപ്പെട്ടത്.















