തമിഴ്നാട്ടിലെ വിരുദനഗർ ജില്ലയിൽ ഒരു പ്രത്യേക ബാങ്കുണ്ട്. പ്രദേശത്തെ 500 ഓളം കുടുംബങ്ങൾക്ക് കഴിഞ്ഞ രണ്ട് വർഷമായി ഈ ബാങ്ക് നൽകുന്ന സഹായം വളരെ വലുതാണ്. പണമിടപാട് നടത്തുന്ന ബാങ്കിനെക്കുറിച്ചാണ് ഞാൻ ഈ പറയുന്നത് എന്ന് കരുതിയവർക്ക് തെറ്റി. പണമിടപാടിനല്ല മറിച്ച് മാലിന്യസംസ്കരണത്തിന് വേണ്ടിയാണ് ഈ ബാങ്ക്.വിരുദനഗറിലെ ‘ഗാർബേജ് ബാങ്ക് ‘ എന്താണെന്നും ഇതിന്റെ പ്രവർത്തനം എന്തെന്നും നമുക്ക് നോക്കാം.
ജനങ്ങൾക്ക് പ്രത്യേകിച്ച് നഗരവാസികൾക്ക് മാലിന്യസംസ്കരണം ഒരു വലിയ തലവേദനയാണ്. വിരുദനഗറിലെ കുടുംബങ്ങൾക്ക് ഈ തലവേദനയ്ക്കുള്ള മരുന്നാണ് ഗാർബേജ് ബാങ്ക്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗാർബേജ് ബാങ്കിൽ സംസ്കരിക്കപ്പെട്ടത് 43,000 കിലോയിലധികം മാലിന്യങ്ങളാണ്.
പ്രദേശത്തെ ഒരു സംഘം ചെറുപ്പക്കാരുടെ തലയിലാണ് ഗാർബേജ് ബാങ്കെന്ന ആശയം ഉദിച്ചത്. മാലിന്യക്കൂമ്പാരമില്ലാത്ത നഗരം എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ അവർ നടത്തിയതാകട്ടെ കഠിന പ്രയത്നവും. 130 ഓളം പരിപാടികൾ സംഘടിപ്പിച്ചതിന് ശേഷമായിരുന്നു ഗാർബേജ് ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു നാടിനെ മുഴുവൻ അവർ ബോധവാന്മാർ ആക്കിയത്. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്ലാസുകൾ നൽകി. വീട്ടമ്മമാർക്കും പൊതുജനങ്ങൾക്കും മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കിച്ചു. അങ്ങനെ ഇവരുടെ കഠിനമായ പ്രവർത്തനങ്ങളെ തുടർന്ന് വിരുദനഗറിലെ 500 ഓളം കുടുംബങ്ങൾ ശരിയായ മാലിന്യസംസ്കരണത്തെക്കുറിച്ച് പഠിച്ചു. മാലിന്യം എങ്ങനെ വേർതിരിക്കണം, പുന:രുപയോഗിക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവർ ആളുകൾക്ക് പറഞ്ഞു നൽകിയത്.
വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുകയാണ് ഈ ഗാർബേജ് ബാങ്കിന്റെ രീതി. മാലിന്യം നിങ്ങൾ വെറുതേ നൽകേണ്ടതില്ല. ഓരോ കിലോ മാലിന്യത്തിനും ബാങ്ക് ആറ് രൂപ വീതം നൽകും. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ച് വേണം ബാങ്കിൽ എത്തിക്കാൻ. ഇങ്ങനെ മാലിന്യം നൽകി പ്രതിമാസം 300 രൂപയോളം ഓരോ കുടുംബത്തിനും ലഭിക്കുന്നുണ്ടെന്നാണ് കുടുംബങ്ങൾ പറയുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ പുതിയ ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കും. ജൈവ മാലിന്യങ്ങളിൽ നിന്നും ജൈവ വളവും നിർമ്മിക്കും. ഇങ്ങനെയെല്ലാമാണ് ബാങ്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നത്. ഇതുവരെ 43,367 കിലോ മാലിന്യം സംസ്കരിച്ചതായി ഇവർ പറയുന്നു.
ഇവരുടെ പ്രവർത്തനങ്ങൾ ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. അതും ഒന്നല്ല അതും രണ്ട് തവണ. 17,303 സ്കൂൾ കോളേജ്,് വിദ്യാർത്ഥികൾക്ക് മാലിന്യസംസ്കരണത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന ക്ലാസ് സംഘടിപ്പിച്ചതിനായിരുന്നു വിരുനനഗറിലെ ഗാർബേജ് ബാങ്കിനെയും പ്രവർത്തകരെയും തേടി ഗിന്നസ് വേൾഡ് റെക്കോർഡ് ആദ്യം എത്തിയത്. പിന്നീട് എട്ട് മണിക്കൂറിൽ 2,37,900 പ്ലാസ്റ്റിക് ബാഗുകൾ സംസ്കരിച്ച് രണ്ടാമതും ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. പ്രകൃതിയ്ക്കും മനുഷ്യനും ദോഷകരമല്ലാത്ത തരത്തിൽ മാലിന്യം സംസ്കരിക്കുന്ന ഈ രീതി രാജ്യത്തിനെന്നല്ല ലോകത്തിനൊട്ടാകെ മാതൃകയാണ്.
Comments