മലപ്പുറം: ആദ്യരാത്രി ഭാര്യയുടെ സ്വർണാഭരണങ്ങളും പണവുമായി കടന്ന് കളഞ്ഞ വരൻ അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ജലാൽ (45) ആണ് അറസ്റ്റിലായത്. കേസിൽ 19 വർഷത്തിന് ശേഷമാണ് ഇയാൾ പോലീസിന്റെ പിടിയിൽ ആകുന്നത്.
പായിമ്പാടം സ്വദേശിനിയുടെ സ്വർണവുമായാണ് ഇയാൾ കടന്നു കളഞ്ഞത്. ചില സുഹൃത്തുക്കളുടെ സഹായത്തോടെ ആൾ മാറാട്ടം നടത്തിയായിരുന്നു ഇയാൾ യുവതിയെ വിവാഹം ചെയ്തത്. തുടർന്ന് ആദ്യ രാത്രി ഭാര്യ ഉറങ്ങുന്നതിനിടെ സ്വർണവും പണവുമായി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഊർജ്ജിത അന്വേഷണം നടത്തിയിട്ടും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നിർണായക നീക്കത്തിലൂടെയാണ് എടക്കര പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Comments