വയനാട് : സ്വകാര്യബസ് ജീവനക്കാരനെതിരെ പരാതിയുമായി എട്ടാം ക്ലാസുകാരൻ. കൽപ്പറ്റ എസ് കെ എം ജെ സ്കൂളിലെ വിദ്യാർത്ഥിയാണ് ചൈൽഡ്ലൈനിൽ പരാതി നൽകിയത്. മർദ്ദിച്ചെന്നും അപമാനിച്ചെന്നും പരാതിയിൽ കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ജൂൺ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിൽ പോകുന്നതിനായി ഹിന്ദുസ്ഥാൻ എന്ന ബസിലാണ് വിദ്യാർത്ഥി കയറിയത്. പുളിയാർമല കഴിഞ്ഞുള്ള വളവിൽ ബസ് വളച്ചപ്പോൾ വീഴാൻ പോയ താൻ ബസിനുള്ളിലെ കമ്പിയിൽ പിടിച്ചപ്പോൾ ക്ലീനർ ഷർട്ടിന്റെ കോളറിന് പിടിച്ച് താഴെ വലിച്ചിട്ടു. മൂന്ന് തവണ തൂങ്ങെടാ എന്ന് പറഞ്ഞു. കമ്പിയുടെ മുകളിൽ തൂക്കി പിടിക്കുകയും ചെയ്തു . യാത്രക്കാരുടെയും മറ്റു വിദ്യാർഥികളുടെയും മുന്നിൽവെച്ച് ഇവനൊക്കെ പഠിക്കുന്ന വിദ്യാലയം തുലഞ്ഞു പോകുമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
ഇതിന് പുറമെ ബസിലെ കണ്ടക്ടറും അസഭ്യം പറഞ്ഞെന്നും എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ, ഇതൊക്കെ കുറെ കണ്ടും കളിച്ചും കൊടുത്തുമാണ് ഇവിടെ എത്തിയതെന്നും , ചെയ്യാൻ പറ്റുന്നത് ചെയ്യാനും ഇയാൾ പറഞ്ഞതായും പരാതിയിൽ കുട്ടി വ്യക്തമാക്കുന്നു.പരാതി ചൈൽഡ് ലൈൻ കൽപ്പറ്റ പൊലീസിനും ആർടിഒയ്ക്കും കൈമാറി.
Comments