കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാർ കേസിലെ പ്രതി നൽകിയ മൊഴിയുടെ പേരിൽ പിസി ജോർജ്ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ യാതൊരു അന്വേഷണവും നടത്താത്ത പോലീസ്, പിസി ജോർജിനെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരി നൽകിയ മറ്റു പരാതികളിൽ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ പിണറായി വിജയനെ എതിർക്കുന്നുവെന്നതിനാൽ പിസിക്കെതിരെ കേസെടുത്തു. ഇക്കാര്യം ഏത് കൊച്ചുകുട്ടികൾക്കും മനസിലാകുന്നതാണ്. പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പ്രസംഗങ്ങളുടെ പേരിൽ പിസിയെ ജയിലിലടയ്‌ക്കാൻ കഴിയാത്തതിന്റെ പക വീട്ടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ കേസിൽ പ്രതിയുടെ തുമ്പ് പോലും ഇതുവരെ കിട്ടാതിരുന്ന പോലീസ് നാണക്കേട് മറയ്‌ക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വർണ്ണക്കടത്തിൽ നിന്നും വിഷയം മാറ്റാൻ രാഷ്‌ട്രീയ എതിരാളികളെ മുഴുവൻ വേട്ടയാടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇത് ഇന്ത്യയാണെന്നും ഇവിടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയുമൊക്കെ ഉണ്ടെന്നും പിണറായി വിജയൻ മനസിലാക്കണം. ഇത്തരം പകവീട്ടൽ രാഷ്‌ട്രീയത്തിന് കോടതിയിൽ കനത്ത പ്രഹരം ലഭിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments