ന്യൂഡൽഹി: ബിജെപി മുൻ വക്താവ് നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സമൂഹമാദ്ധ്യമങ്ങൾക്ക് പ്രത്യേക മാർഗ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഹിന്ദു യുവാവിന്റെ കൊലപാതകത്തെ മഹത്വവൽക്കരിക്കുന്നതോ ന്യായീകരിക്കുന്നതോ ആയ എല്ലാ ഉള്ളടക്കവും നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടു. എല്ലാം സോഷ്യൽ മീഡിയ കമ്പനികൾക്കും വിവര സാങ്കേതിക വകുപ്പ് നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുസമാധാനവും ഐക്യവും പുന:സ്ഥാപിക്കുക എന്നത് ചൂണ്ടിക്കാട്ടിയാണ് കത്ത്. കൊലപാതകത്തിന്റെ വീഡിയോകളെ കൂടാതെ കൊലപാതകകത്തെ ന്യായീകരിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ചെയ്യുന്ന നിരവധി പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു. ശബ്ദസന്ദേശങ്ങൾ, ഓഡിയോ,വീഡിയോ,ഫോട്ടോ,എഴുത്ത് എന്നിവയുടെ രൂപത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടനടി നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
കനയ്യയുടെ കൊലപാതകത്തെ മഹത്വവൽക്കരിച്ച് ഇസ്ലാമിസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ വിദ്വേഷപ്രചരണം നടത്തുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ ഈ നിർദ്ദേശം.
Comments