കൊളംബോ: വിദേശ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യവസായ പ്രമുഖർക്ക് 5 വർഷത്തെ വിസ നൽകാനൊരുങ്ങി ശ്രീലങ്ക. നിക്ഷേപവികസന മന്ത്രി ധമ്മിക പെരേര വ്യവസായ പ്രമുഖർക്ക് വിസ കൈമാറി. വാണിജ്യം ലളിതമാക്കുന്നതിന്റെയും നിക്ഷേപങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെയും ആദ്യ പടിയാണിതെന്നും മന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.
കൊളംബോയിലെ ഇന്ത്യൻ ഹൈ കമ്മീഷണർ ഗോപാൽ ബാഗ്ലെ ശ്രീലങ്കൻ വ്യവസായ മന്ത്രി നളിൻ ഫെർണാണ്ടോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാണിജ്യങ്ങളുടെ വിവിധ തലങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ഇന്ത്യ- ശ്രീലങ്ക വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് സൗകര്യങ്ങൾ സൃഷ്ടിക്കുമെന്നും ചർച്ചയിൽ സൂചിപ്പിച്ചതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.
ശ്രീലങ്കൻ പ്രതിസന്ധിയിൽ ഇന്ത്യ ബില്യൺ ഡോളറുകളുടെ സഹായമാണ് ചെയ്തത്. 40,000 മെട്രിക് ടൺ പാചകവാതകം, 40,000 മെട്രിക് ടൺ ഡീസൽ, 40,000 മെട്രിക് ടൺ പെട്രോൾ, അരി, പാൽപ്പൊടി, തുടങ്ങിയവ ശ്രീലങ്കയിൽ എത്തിച്ചിരുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മാർച്ചിൽ കൊളംബോ സന്ദർശനം നടത്തിയിരുന്നു.സുവസേരിയ ഫൗണ്ടേഷൻ സന്ദർശിച്ചപ്പോൾ കുറവുള്ള മരുന്നുകളുടെ കണക്കെടുക്കാൻ നിർദ്ദേശിക്കുകയും തുടർന്ന് രണ്ട് ബില്യൺ രൂപയുടെ മരുന്ന് എത്തിക്കുകയുമായിരുന്നു.















