കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി ഫാരിസ് അബൂബക്കറും തമ്മിലുള്ള ബന്ധം ആവർത്തിച്ച് പി.സി ജോർജ്. പിണറായി വിജയന്റെ നിഴലാണ് ഫാരിസ് അബൂബക്കറെന്ന് പി.സി ജോർജ് പറഞ്ഞു. എകെജി സെന്ററിലെ പടക്കമേറിന്റെ പേരിൽ സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ച ഇടത് കൺവീനർ ഇ.പി ജയരാജനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സി ജോർജ്.
എ കെ ജി സെന്ററിൽ പടക്കം എറിഞ്ഞവരെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. പിടിച്ചാൽ നേതാക്കളുടെ ആരുടെ എങ്കിലും മക്കൾ ആകും. ആക്രമണം ഉണ്ടായ ഉടനെ സ്ഥലത്തെത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പിന്നിൽ കോൺഗ്രസ് ആണെന്ന് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വലിയ പ്രക്ഷോഭം സൃഷ്ടിച്ചു.
എകെജി സെന്റർ ആക്രമണത്തിൽ പ്രതിയെ പിടികൂടാനോ സംഭവത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് തെളിയിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയ്ക്കും, എൽഡിഎഫിനുമെതിരായ ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ കരുതികൂട്ടി ഇ.പി ജയരാജൻ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിൽ ജയരാജനെതിരെ കേസ് എടുക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.
ഇ.പി ജയരാജനെതിരെ സ്റ്റേഷനിൽ പരാതി നൽകി. ഇ പി ജയരാജൻ അറിയാതെ ഓഫീസ് അക്രമം നടക്കില്ലെന്നും പി.സി ജോർജ് ആവർത്തിച്ചു.
Comments