ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ മണിപ്പൂരിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രതിഷേധം രൂക്ഷം. പ്രതിഷേധക്കാർ അക്രമാസക്തരായതോടെ മണിപ്പൂരിലെ തെങ്നൗപാൽ ജില്ലയിലെ മോറെനിൽ നാലിലധികം ആളുകൾ ഒത്തുചേരുന്നതിന് വിലക്കേർപ്പെടുത്തി. മോറെനിനടുത്തുള്ള മ്യാൻമർ അതിർത്തി പട്ടണമായ മോറിഹിൽ വെച്ചാണ് ഇന്നലെ ഇന്ത്യൻ പൗരന്മർ കൊല്ലപ്പെട്ടത്.
തെങ്നൗപാൽ ഡെപ്യൂട്ടി കമ്മീഷ്ണർ പുറത്തിറക്കിയ ഉത്തരവിൽ അനുമതിയില്ലാതെ വടികളും കല്ലുകളും തോക്കുകളും കൊണ്ട് പോകുന്നത് നിരോധിച്ചു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മോറെനിലെയും ചുറ്റുമുള്ള ഗ്രാമങ്ങളിലെയും താമസക്കാരോട് ശരിയായ രേഖകളില്ലാതെ അയൽ രാജ്യം സന്ദർശിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടു.
ഇന്നലെ സുഹൃത്തിന്റെ ജന്മദിന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പി മോഹൻ (28), എം അയ്യർനാർ (35) എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആരാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല.
1995 മുതൽ ഇന്ത്യ-മ്യാൻമർ വ്യാപാര രംഗത്ത് ഇളവുകൾ പ്രഖ്യാപിച്ചശേഷം ഇരുരാജ്യങ്ങളിലേയും പൗരന്മാർ വ്യാപാര ആവശ്യങ്ങൾക്കായി നിരന്തരം യാത്രകൾ നടക്കുന്നത് പതിവാണ്.
Comments