തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ മന്ത്രി പദം ഒഴിഞ്ഞതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്ന് ബിജെപി. എം എൽ എ സ്ഥാനവും സജി ചെറിയാൻ രാജി വെക്കണം. സജി ചെറിയാനെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസ് എടുത്ത പോലീസ് കള്ളക്കളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വലം കൈയാണ് സജി ചെറിയാൻ. ഭരണഘടനയെ അവഹേളിച്ചതിലൂടെ ഗുരുതരമായ ക്രിമിനൽ കുറ്റമാണ് സജി ചെറിയാൻ ചെയ്തിരിക്കുന്നത്. ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെയും സജി ചെറിയാൻ അവഹേളിച്ചുവെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സജി ചെറിയാൻ എം എൽ എ സ്ഥാനം രാജിവെച്ച് നിയമ നടപടി നേരിടണം. പി സി ജോർജ്ജിനെ കള്ളക്കേസിൽ കുടുക്കാൻ ഓടി നടന്ന പോലീസ് സജി ചെറിയാനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭരണഘടനയെ അവഹേളിച്ച സംഭവത്തിൽ മാപ്പ് പറയാൻ സജി ചെറിയാൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സജി ചെറിയാൻ വിഷയത്തിൽ സിപിഎമ്മും മുഖ്യമന്ത്രിയുമാണ് പ്രധാന പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ബിജെപി നിയമ നടപടികൾ സ്വീകരിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Comments