പാലക്കാട്: രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട് പി.ടി.ഉഷ. ബിജെപി നേതാക്കൾ പിടി ഉഷയുടെ വസതിയിലെത്തി ആദരം അറിയിച്ചപ്പോഴായിരുന്നു ഉഷയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇവർ നന്ദി അറിയിച്ചു. പുതിയ സ്ഥാനം ലഭിച്ചതിൽ ആവേശമൊന്നുമില്ല, തനിക്ക് ആശംസകൾ നേർന്നവർക്ക് നന്ദി അറിയിക്കുന്നുവെന്നും പിടി ഉഷ പറഞ്ഞു.
എളംമരം കരീമിന്റെ വിവാദ പ്രസ്ഥാവനയോട് ശാന്തമായാണ് പിടി ഉഷ പ്രതികരിച്ചത്. തനിക്ക് രാഷ്ട്രീയമല്ല,സ്പോർട്സാണ് പ്രധാനം. എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് കൂടുതൽ മറുപടി നൽകുന്നില്ല എന്നും പലർക്കും പല അഭിപ്രായമല്ലേ എന്നും അവർ പ്രതികരിച്ചു.
അതേസമയം, ബിജെപി നേതാക്കൾ മാത്രമല്ല തനിക്ക് അഭിനന്ദനം അറിയിച്ചതെന്ന് പിടി ഉഷ പറഞ്ഞു. മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും കോൺഗ്രസ് നേതാക്കളായ രമേഷ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഎം നേതാവ് എകെ ബാലൻ എന്നിവർ നേരിട്ട് ഫോണിൽ വിളിച്ചും അഭിനന്ദിച്ചുവെന്ന് പിടി ഉഷ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments