ദുബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ടൂര്‍ണമെന്റിന്റെ വേദിയായി നിശ്ചയിച്ചിരുന്ന ശ്രീലങ്കയില്‍ നിന്ന് അവകാശം മാറ്റിയതിന് പിന്നാലെയാണ് ഇന്ത്യയെ പുതിയ വേദിയായി ഐസിസി തെരഞ്ഞെടുത്തത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഭരണപരമായ വീഴ്ചകളും ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ നിര്‍ദേശിച്ച ഭരണഘടനാ മാറ്റങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിലെ കാലതാമസവുമാണ് വേദി മാറ്റാന്‍ പ്രധാന കാരണമെന്നാണ് വിവരം. ഐസിസി ബോര്‍ഡ് യോഗത്തിലാണ് ഇന്ത്യയെ പകരം വേദിയായി തീരുമാനിച്ചത്.
2027 ഫെബ്രുവരി 14 മുതല്‍ 28 വരെയായിരിക്കും വനിതാ ചാമ്പ്യന്‍സ് ട്രോഫി നടക്കുക. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ (ബ്രാബോണ്‍) സ്റ്റേഡിയവും വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയവുമാണ് മത്സര വേദികള്‍. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളാണ് മാറ്റുരയ്‌ക്കുക. റൗണ്ട് റോബിന്‍ രീതിയിലായിരിക്കും മത്സരങ്ങള്‍. ഫെബ്രുവരി 28നാണ് ഫൈനല്‍.
കഴിഞ്ഞ വര്‍ഷം സ്വന്തം മണ്ണില്‍ നടന്ന വനിതാ ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഒരു ഐസിസി വനിതാ ടൂര്‍ണമെന്റിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. പുരുഷ ക്രിക്കറ്റില്‍ നേരത്തെ തന്നെ ചാമ്പ്യന്‍സ് ട്രോഫി നടന്നിട്ടുണ്ടെങ്കിലും വനിതകള്‍ക്കായി ഇതാദ്യമായാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി സംഘടിപ്പിക്കുന്നത്. വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയ്‌ക്കും കൂടുതല്‍ പ്രചാരം ലഭിക്കുന്നതിനും ടൂര്‍ണമെന്റ് സഹായിക്കുമെന്ന് ഐസിസി ചെയര്‍മാന്‍ ജയ് ഷാ പറഞ്ഞു.















