മഥുര: ഉത്തര്‍പ്രദേശ് ഇപ്പോള്‍ കലാപങ്ങളുടെയും കര്‍ഫ്യൂവിന്റെയും കാലഘട്ടത്തില്‍ നിന്ന് മാറിയെന്നും ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമായി മാറിയെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയില്‍ 1,051 കോടി രൂപയുടെ 229 വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നത് വൈദ്യുതിയും വെള്ളവും പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് യോഗി പറഞ്ഞു. വികസനത്തിന്റെ പേരില്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് സംസാരിച്ച യോഗി, വിദേശ അധിനിവേശ ശക്തികള്‍ രാജ്യത്തിന്റെ പൈതൃകം ഇല്ലാതാക്കാന്‍ പലതവണ ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരം ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായെന്നും അദ്ദേഹം ആരോപിച്ചു. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ തിരിച്ചറിയുന്നത് അതിന്റെ ചരിത്രവും സംസ്‌കാരവും വേരുകളുമാണെന്ന് യോഗി പറഞ്ഞു. ഇന്ത്യയുടെ പൈതൃകം മനസിലാക്കണമെങ്കില്‍ ചരിത്രത്തെ ആഴത്തില്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ചരിത്രം സനാതന പാരമ്പര്യത്തിന്റെ തുടര്‍ച്ചയുടെ ചരിത്രമാണെന്നും നൂറ്റാണ്ടുകളായി നിരവധി വിദേശ അധിനിവേശങ്ങള്‍ ഉണ്ടായിട്ടും രാജ്യത്തിന്റെ കൂട്ടായ ഓര്‍മയും പാരമ്പര്യവും സാംസ്‌കാരിക സ്വത്വവും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്നും യോഗി പറഞ്ഞു. ബ്രജിന്റെ സ്വത്വവും സനാതന പാരമ്പര്യത്തിന്റെ ശക്തിയുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സാംസ്‌കാരിക-ആത്മീയ പാരമ്പര്യത്തിന്റെ തുടര്‍ച്ച വിശദീകരിക്കാന്‍ കാശിയുടെയും അയോധ്യയുടെയും ഉദാഹരണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഔറംഗസേബിന്റെ കാലത്ത് കാശിയിലെ ക്ഷേത്രം തകര്‍ക്കപ്പെട്ടെങ്കിലും അവിടുത്തെ പാരമ്പര്യം അവസാനിച്ചില്ലെന്ന് യോഗി പറഞ്ഞു. ഇന്ന് കാശി വിശ്വനാഥ ധാം പൈതൃകത്തിന്റെ പുനരുജ്ജീവനത്തിന്റെ ഉദാഹരണമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലും ക്ഷേത്രം തകര്‍ക്കപ്പെട്ട് പിന്നീട് അവിടെ പള്ളി നിര്‍മിച്ചെങ്കിലും സനാതന പാരമ്പര്യം നിലനിന്നെന്നും ഇന്ന് അയോധ്യയില്‍ മഹത്തായ രാമക്ഷേത്രം ഉയര്‍ന്നുവെന്നും യോഗി പറഞ്ഞു. ഇന്ത്യയെ മനസിലാക്കാന്‍ രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതില്‍ പങ്കുവഹിച്ച സന്യാസിമാരുടെയും വിപ്ലവകാരികളുടെയും ജീവിതവും സംഭാവനകളും പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയും യോഗി തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. സംസ്ഥാനം ഇപ്പോള്‍ ‘കര്‍ഫ്യൂ വിമുക്ത’മാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന കന്‍വാര്‍ യാത്രയില്‍ ഏകദേശം അഞ്ച് കോടി പേര്‍ പങ്കെടുത്തതായി ചൂണ്ടിക്കാട്ടിയ യോഗി, സംസ്ഥാനത്ത് ഉത്സവങ്ങള്‍ നിര്‍ഭയമായി നടത്താന്‍ കഴിയുന്ന സാഹചര്യമാണുള്ളതെന്നും അവകാശപ്പെട്ടു. മഥുരയിലെ 2016ലെ ജവഹര്‍ബാഗ് സംഭവവും അദ്ദേഹം പരാമര്‍ശിച്ചു. സംഭവത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. മീററ്റ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലെ മുന്‍കാല വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലം ചൂണ്ടിക്കാട്ടിയ യോഗി, കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായെന്നും പറഞ്ഞു. ഉത്സവങ്ങള്‍ ഇന്ന് സംസ്ഥാനത്തിന്റെ നിര്‍ണായക മുഖമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.















