എറണാകുളം : ആലുവ റെയിൽവേ മേൽപാലത്തിന്റെ നടുക്ക് ബ്രേക്ഡൗൺ ആയ കെഎസ്ആർടിസി ബസ് സ്റ്റാർട്ടാക്കി സ്കൂൾ വിദ്യാർഥികൾ . പറവൂരിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് വഴിയിൽ നിന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ടൗൺ ഹാളിനു മുൻപുള്ള കയറ്റം കയറുന്നതിനിടെയാണ് സംഭവം.
തുടർന്ന് പല വിദ്യകളും കണ്ടക്ടറും ഡ്രൈവറും പരീക്ഷിച്ചെങ്കിലും ബസ് സ്റ്റാർട്ടായില്ല. പാലത്തിന് നടുവിൽ ബസ് കിടന്നതോടെ നഗരം ഗതാഗതക്കുരുക്കിലായി.ക്ഷമ നശിച്ച യാത്രക്കാരിൽ ഭൂരിഭാഗവും സ്റ്റാൻഡ് തൊട്ടടുത്തായതിനാൽ ഇതിനിടെ ഇറങ്ങിപ്പോയി. വഴിയാത്രികരിൽ ചിലർ ബസ് തള്ളി നീക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ക്ലാസ് കഴിഞ്ഞു പുറത്ത് വന്ന എസ്എൻഡിപി സ്കൂളിലെ കുട്ടികൾ ഒന്നിച്ച് ബസ് തള്ളിയത്. ആർപ്പുവിളിയോടെ കുട്ടികൾ ബസ് തള്ളിയതോടെ വണ്ടി സ്റ്റാർട്ടായി. തുടർന്ന് ഡ്രൈവർ ടൗൺ ഹാളിനു മുൻപിലെ ഒഴിഞ്ഞ സ്ഥലത്തേക്കു ബസ് നീക്കിയിട്ടു ഗതാഗതം പുനഃസ്ഥാപിച്ചു.
Comments