ലാലേട്ടൻ എന്നും ഏവരുടെയും പ്രിയപ്പെട്ട താരമാണ് . തന്റെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം ആരാധകരിലേക്ക് എത്തിക്കാറും ഉണ്ട്. ഇപ്പോഴിതാ കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്‌ക്ക് തുഴഞ്ഞുപോകുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് .പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്.
എം.ടി വാസുദേവൻ നായർ രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്‌കാരമായിരിക്കും ഈ ചിത്രം. വെള്ളിത്തിരയിൽ ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. അതേസമയം മധുവിന് പകരക്കാരനായി മോഹൻലാൽ എത്തുപ്പോൾ നബീസ ആരാണെന്നത് ഇതുവരെ പുറത്ത് വന്നിട്ടില്ല.
ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും, കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലുമാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. എംടിയുടെ പത്ത് ചെറുകഥകളെ അധികരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നിവടങ്ങിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.















