കണ്ണൂർ : തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെ പോലീസിന്റെ സദാചാര ആക്രമണം നടന്ന സംഭവത്തിൽ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസലകം പരിക്കേറ്റുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ പോലീസിന്റെ വാദങ്ങളെല്ലാം പൊളിയുകയാണ്.
ആശുപത്രിയിൽ നിന്നും ലഭിച്ച രേഖകളിലാണ് പ്രത്യുഷിന് ദേഹമാസകലം പോലീസ് മർദ്ദനമേറ്റുവെന്ന് തെളിയുന്നത്. ഇടത് കാലിലും മുട്ടിന് താഴെയും തോളിലും പരിക്കേറ്റ് പാടുകളുണ്ട്. വലത് കൈയ്യിലും നെഞ്ചിലും ചതവുണ്ട്. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുമുണ്ട്.
കഴിഞ്ഞ അഞ്ചാം തീയ്യതി രാത്രി പത്തരയോടെ കടൽ പാലം കാണാൻ പോയ ദമ്പതികൾക്കാണ് പോലീസിൽ നിന്നും ദുരനുഭവമുണ്ടായത്. തലശ്ശേരി കടൽ പാലത്തിൽ നിന്നിരുന്ന പ്രത്യുഷിനോടും ഭാര്യ മേഘയോടും സ്ഥലത്ത് നിന്ന് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കാരണം തിരക്കിയപ്പോൾ തലശ്ശേരി പോലീസ് സ്‌റ്റേഷനിലെ സി ഐ ബിജുവും എസ് ഐ മനുവും മറ്റു പോലീസുകാരും ചേർന്ന് തങ്ങളെ മർദ്ദിച്ചുവെന്നാണ് ഇവർ പരാതി നൽകിയത്.
തുടർന്ന് ജോലി തടസ്സപ്പെടുത്തിയെന്നും പോലീസിനെ ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടി ഇവരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. പ്രത്യുഷിനെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. ഭർത്താവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ചാണ് കൊണ്ടുപോയത് എന്നും ഭാര്യ പരാതിപ്പെട്ടിരുന്നു. ഇതെല്ലാം ശരിവെയ്‌ക്കുന്നതാണ് മെഡിക്കൽ റിപ്പോർട്ടുകൾ.
Comments