ന്യൂഡൽഹി: ജഹാംഗിർപുരിയിൽ ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ഘോഷയാത്രയുടെ നേർക്ക് മതമൗലികവാദികൾ ആക്രമണം അഴിച്ചു വിട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പോലീസ്. അറസ്റ്റിലായ 37 പ്രതികൾക്ക് പുറമെ, പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കെതിരെയും കുറ്റപത്രത്തിൽ പരാമർശമുണ്ട്. കേസ് ജൂലൈ 28ന് പരിഗണിക്കുമെന്ന് രോഹിണി കോടതി അറിയിച്ചു.
വധശ്രമം, ക്രിമിനൽ ഗൂഢാലോചന, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, സ്ഫോടക വസ്തു നിയമം, കലാപ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആയുധ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ ബാലനീതി ബോർഡിന് മുന്നിൽ പ്രത്യേകം കുറ്റപത്രം സമർപ്പിക്കും.
മുഹമ്മദ് അൻസർ, തബ്രേസ് അൻസാരി, ഇഷ്രഫലി തുടങ്ങിയവരാണ് കേസിലെ പ്രധാന ഗൂഢാലോചനക്കാർ. പ്രതികളിൽ ചിലർ ഒളിവിലാണ്. ഇവർക്കെതിരെ ജാമ്യമില്ലാ വാറന്റുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഏപ്രിൽ 16ന് ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. ഇതിനായി പ്രതികൾ ഏപ്രിൽ 10 മുതൽ ഗൂഢാലോചന നടത്തി. കലാപം നടത്തുന്നതിനായി കെട്ടിടങ്ങൾക്ക് മുകളിൽ കട്ടകളും കുപ്പികളും ശേഖരിച്ചു. വാളുകളും തോക്കുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ അക്രമികളിൽ നിന്നും കണ്ടെടുത്തു.
രണ്ടായിരത്തി മുന്നൂറോളം സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും വാട്സാപ്പ് ചാറ്റുകളും ടെലിഫോൺ സംഭാഷണങ്ങളും പരിശോധിച്ചാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
Comments