സേലം: തമിഴ്നാട്ടിലെ സർവകലാശാല പരീക്ഷയിൽ വംശീയ വിവേചനം സൃഷ്ടിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ പ്രതിഷേധം പുകയുന്നു. പെരിയാർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ചരിത്ര ബിരുദാനന്തര ബിരുദ പരീക്ഷാ ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ കീഴ്ജാതി ഏത് എന്ന ചോദ്യത്തിന് താഴെ നാല് ഓപ്ഷനുകളും നൽകിയിട്ടുണ്ട്. 1800 മുതൽ 1947 വരെയുള്ള തമിഴ്നാട്ടിലെ സ്വാതന്ത്ര്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിലെ ചോദ്യമാണ് വിവാദമായിരിക്കുന്നത്.
സംഭവത്തിൽ പരീക്ഷാ കൺട്രോളറോട് റിപ്പോർട്ട് തേടിയതായി വൈസ് ചാൻസലർ ജഗന്നാഥൻ അറിയിച്ചു. പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ ഒരു പറ്റം വിദ്യാർത്ഥികൾ വിഷയം ഗവർണറുടെ ശ്രദ്ധയിൽ പെടുത്തി. പരീക്ഷ റദ്ദാക്കി പുനപരീക്ഷ നടത്തണമെന്നും, ഭരണഘടനാവിരുദ്ധമായ ചോദ്യത്തിൽ ഗവർണർ ഇടപെടണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഈ സാഹചര്യത്തിൽ ഗവർണറുടെ ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.
Comments