മുംബൈ: വിവാഹവാർത്ത നിഷേധിച്ച് നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിതാ സെൻ. ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായാണ് സുസ്മിത സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
തന്റെ പെൺമക്കളായ റെനി സെൻ,അലിസ സെൻ എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുസ്മിതയുടെ പ്രതികരണം. താൻ വിവാഹിതയല്ലെന്നും മോതിരം മാറിയിട്ടില്ലെന്നും സുസ്മിത കുറിച്ചു. വിവാഹിതയല്ല പകരം നിരുപാധികമായ സ്നേഹത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.മതിയായ വ്യക്തത നൽകിയെന്ന് വിചാരിക്കുന്നു. ഇനി ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങുകയാണ്, എല്ലായ്പ്പോഴും എന്റെ സന്തോഷത്തിൽ പങ്ക് ചേരുന്നതിന് നന്ദി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു കൂട്ടുകാരെ എന്നാണ് നടിയുടെ കുറിപ്പ്.
നേരത്തെ ലളിത് മോദി സുസ്മിതയോടൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ചതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള വിവാഹവാർത്ത വ്യാപകമായി പ്രചരിച്ചത്. കുടുംബത്തിനൊപ്പം മാലിദ്വീപിലും സാർദിനിയലുമൊക്കെ ചുറ്റിക്കറങ്ങി ലണ്ടനിൽ തിരിച്ചെത്തിയിരിക്കുന്നു.
അവസാനം എന്റെ പങ്കാളി സുസ്മിതയ്ക്കൊപ്പം പുതിയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചിരിക്കുന്നു എന്നായിരുന്നു ലളിത് മോദിയുടെ ആദ്യത്തെ ട്വീറ്റ്. സംഭവം വലിയ രീതിയിൽ ചർച്ചയായതോടെ ഞങ്ങൾ വിവാഹിതരായിട്ടില്ല,ഡേറ്റ് ചെയ്യുകയാണ്, ഒരു ദിവസം വിവാഹം നടക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് ലളിത് മോദി മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
Comments