സുരേഷ് ഗോപി നായകനാകുന്ന പാപ്പനിലെ ആദ്യ ഗാനം പുറത്തുവിട്ടു. ”നീയെന്നൊരാളിൽ ചേരുന്ന നാളെണ്ണി ദൂരെ..ആ നല്ല നാളിൽ നാം തീർത്ത ‘ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്.
ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ജ്യോതിഷ് ടി കാശിയാണ്. ചിത്രം ജൂലൈ 29 ന് തീയേറ്ററുകളിൽ എത്തും. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പാപ്പൻ. സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയുടെ സംവിധാനത്തിലാണ് ചിത്രമെത്തുന്നത്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ് പാപ്പൻ.
ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാത്യു മാത്തൻ എന്നാണ് . ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നീണ്ട നാളുകൾക്ക് ശേഷമാണ് പോലീസ് കഥയുമായി ജോഷി എത്തുന്നത് . ഇതിന് പുറമെ സുരേഷ് ഗോപിയുടെ പോലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകതയാണ്.
പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, വിജയരാഘവൻ, ഷമ്മി തിലകൻ, ചന്തുനാഥ്, ടിനി ടോം, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.















