സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ടജയൻ’. മലയാളി പ്രേക്ഷകരിൽ ചിരി പടർത്തിയ ചിത്രം വിജയമായിരുന്നു. അരുണ്‍ വൈഗ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്നതാണ് പുതിയ വാർത്ത. സംവിധായകൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കർക്കിടക പിറവി ദിനത്തിൽ ഗുണ്ട ജയന്റെ രണ്ടാംവരവിന്റെ സന്തോഷം കൂടി പങ്കുവയ്ക്കുന്നു എന്ന് ഫെയ്സ്ബുക്കിൽ അരുണ്‍ വൈഗ കുറിച്ചു.
‘സീന്‍ ഒന്ന് ജയന്റെ വീട്’ എന്നു തുടങ്ങുന്ന തിരക്കഥയുടെ കയ്യെഴുത്ത് കോപ്പിയുടെ ചിത്രം കൂടി പങ്കുവെച്ചു കൊണ്ടാണ് ഗുണ്ടാജയൻ 2 അനൗൺസ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 25 ന് റിലീസിനെത്തിയ ‘ഉപചാരപൂര്‍വ്വം ഗുണ്ടജയൻ’ നടൻ സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം കൂടിയായിരുന്നു. നടൻ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫറെര്‍ ആണ് ചിത്രം നിര്മ്മിച്ചിരിന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ തിയറ്ററിലും പിന്നാലെ ഒടിടിയിലും ചിരി പടർത്തിയ സിനിമയുടെ രണ്ടാം ഭാഗം സിനിമാ പ്രേമികൾ കാത്തിരിക്കുകയാണ്.















