ന്യൂഡൽഹി: സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ ഒളിമ്പ്യൻ പി.വി.സിന്ധുവിന്റെ സീസണിലെ മൂന്നാം കിരീട നേട്ടം യുവതാരങ്ങൾക്ക് ആവേശമാകുന്നു. ഇന്നലെ ചൈനയുടെ വാങ് ഷീ യിയെ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്ക് തകർത്താണ് സിന്ധു കിരീടം നേടിയത്. പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ബാഡ്മിന്റൺ രംഗത്തും മറ്റ് കായികരംഗത്തുമുള്ള താരങ്ങളുടെ അഭിനന്ദനം പ്രവഹിക്കുകയാണ്. ഇന്നലെ ഹോട്ടൽ മുറിയിൽ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളെല്ലാം ചേർന്ന് സിന്ധുവിന്റെ വിജയം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
സദ്ഗുരു ജഗ്ഗി വാസുദേവ് , സച്ചിൻ തെണ്ടുൽക്കർ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ, തെന്നിന്ത്യൻ സിനിമാ താരവും രാഷ്ട്രീയ രംഗത്തുള്ള റോജ, അനുപം ഖേറിന്റെ ഭാര്യ കിരൺ ഖേർ എന്നിവരാണ് ട്വിറ്ററിലൂടെ ഇന്നലെ തന്നെ അഭിനന്ദന സന്ദേശങ്ങളയച്ചത്.
ഈ വർഷം ജനുവരിയിൽ തന്നെ കിരീട നേട്ടത്തോടെയാണ് സിന്ധു തുടക്കമിട്ടത്. സയ്യദ് മോദി അന്താരാഷ്ട്ര കിരീടമാണ് 2022ൽ സിന്ധുവിനെ തേടിയെത്തിയത്. മാളവിക ബാൻസോദിനെ 21-13, 21-16നാണ് സിന്ധു തോൽപ്പിച്ചത്.
മാർച്ച് മാസത്തിൽ രണ്ടാം കിരീടവും സിന്ധു സ്വന്തമാക്കി. സ്വിസ് ഓപ്പണിലാണ് സിന്ധു വിജയകിരീടം ചൂടിയത്. തായ്ലാന്റിന്റെ ബുസാനൻ ഓംഗാമുരുൻഗ്ഫാനെയാണ് സിന്ധു 21-16, 21-8ന് തകർത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഇന്നലെ ചൈനീസ് താരത്തെ 21-9, 11-21, 21-15ന് മുട്ടുകുത്തിച്ചത്.
ഇതിനിടെ കൈവിട്ട കിരീടങ്ങളും ശ്രദ്ധേയമാണ്. ഏപ്രിലിൽ ബാഡ്മിന്റൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ ജപ്പാന്റെ അക്കാനേ യാമാഗൂച്ചിയോട് 13-21, 21-19, 21-16നാണ് സിന്ധു സെമിഫൈനലിൽ അടിയറവ് പറഞ്ഞത്.
Comments