വിമാനങ്ങളുടെ സാങ്കേതിക തകരാറുകൾ തുടർക്കഥ; ഗോ ഫസ്റ്റിന്റെ രണ്ട് വിമാനങ്ങൾക്ക് എഞ്ചിൻ തകരാർ; അടിയന്തിരമായി ലാൻഡ് ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ – Go First’s Mumbai-Leh, Srinagar-Delhi flights suffer snags, both grounded

Published by
Janam Web Desk

ന്യൂഡൽഹി: മുംബൈയിൽ നിന്ന് ലേ-യിലേക്ക് പോയിരുന്ന വിമാനവും ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പോയിരുന്ന ഗോ ഫസ്റ്റിന്റെ മറ്റൊരു വിമാനവും സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്തു. രണ്ട് വിമാനങ്ങളുടെയും എഞ്ചിനുകൾക്ക് തകരാർ അനുഭവപ്പെട്ടതിന് പിന്നാലെയാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ഇരുവിമാനങ്ങളും ‘ഗോ ഫസ്റ്റ്’ എന്ന കമ്പനിയുടേതാണ്.

ലേയിലേക്ക് പോയ (ജി8-386) എയർബസ് എ320 എന്ന എയർക്രാഫ്റ്റ് മുംബൈയിൽ നിന്നും പുറപ്പെട്ടതിന് ശേഷം ഡൽഹിയിലാണ് അടിയന്തിരമായി ലാൻഡ് ചെയ്തത്. സംഭവമുണ്ടായി ഏതാനും മിനിറ്റുകൾക്ക് പിന്നാലെ ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പോയിരുന്ന ഗോ ഫസ്റ്റ് എയർക്രാഫ്റ്റിനും എഞ്ചിന് തകരാർ റിപ്പോർട്ട് ചെയ്തു. ഇതോടെ ശ്രീനഗറിലേക്ക് തന്നെ വിമാനം തിരിച്ചുപോയി.

ഗോ ഫസ്റ്റിന്റെ എയർബസ് എ320 എന്ന എയർക്രാഫ്റ്റാണ് രണ്ടിടത്തും തകരാറിലായത്. ഇരുസംഭവങ്ങളിലും ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രണ്ട് എയർക്രാഫ്റ്റുകൾക്കും ഇനി ഡിജിസിഎ അനുമതി ലഭ്യമായാൽ മാത്രമേ വീണ്ടും പ്രവർത്തനക്ഷമമാകാൻ കഴിയൂവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ‘ഗോ എയർ’ എന്ന പേരിലറിയപ്പെട്ടിരുന്ന വിമാന കമ്പനിയാണ് ഇപ്പോൾ ഗോ ഫസ്റ്റായി മാറിയത്.

Share
Leave a Comment