ന്യൂഡൽഹി: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനി പരിശോധനയുടെ പേരിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ കർശന നടപടി ഉറപ്പെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. വിവരം രാവിലെ തന്നെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. അദ്ദേഹത്തിന്റെ വേഗത്തിലുള്ള ഇടപെടൽ മൂലം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി സമിതി രൂപീകരിച്ചതായും കേന്ദ്ര മന്ത്രി അറിയിച്ചു.
കുട്ടികൾക്ക് മാനസിക സംഘർഷമുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും കേന്ദ്ര സർക്കാർ കർശനമായി ഇടപെടുമെന്നുറപ്പാണ്. അന്വേഷണ സമിതി റിപ്പോർട്ടിന് അനുസരിച്ചാവും തുടർ നടപടി. കുട്ടികളുടെയും മാതാപിതാക്കളുടെയും പരാതിക്ക് പരിഹാരമുണ്ടാക്കാൻ മണിക്കൂറുകൾക്കുള്ളിൽ ഇടപെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നന്ദി അറിയിക്കുന്നതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനി അപമാനിക്കപ്പെട്ട സംഭവത്തിൽ വിദ്യാർത്ഥി- യുവജന സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവം നടന്ന ആയൂർ മാർത്തോമ്മ കോളേജിലേക്ക് എബിവിപി നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം ഉണ്ടായി. നിരവധി പ്രവർത്തകർക്ക് പോലീസ് നടപടിയിൽ പരിക്കേറ്റു.
Comments