തിരുവനന്തപുരം : ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാൻ വേണ്ടി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് വെട്ടിപ്പൊളിച്ചവർക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി കോളേജ് വിദ്യാർത്ഥികൾ. ഒരാൾക്ക് ഇരിക്കാനുള്ള സീറ്റിൽ രണ്ടും മൂന്നും പേർ ഒരുമിച്ച് ഇരുന്നായിരുന്നു പ്രതിഷേധം. തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലാണ് ഈ സംഭവം.
ചൊവ്വാഴ്ച വൈകീട്ട് ബസ് കയറാൻ സ്‌റ്റോപ്പിൽ എത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. നീളത്തിലുളള ഇരിപ്പിടം മാറ്റി ഓരോ സിംഗിൾ സീറ്റായി ക്രമീകരിക്കുകയായിരുന്നു. ആദ്യം മനസിലായില്ലെങ്കിലും പിന്നീടാണ് അടുത്തിരിക്കുന്നത് തടയാൻ സദാചാരവാദികളാണ് ഇത് ചെയ്തതെന്ന് വ്യക്തമായത്. ഇതോടെയാണ് ഇരിപ്പിടം തകർത്തവർക്ക് മറുപടി നൽകാൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന സീറ്റിൽ, ആൺകുട്ടികളും പെൺകുട്ടികളും മടിയിൽ ഇരുന്നായിരുന്നു പ്രതിഷേധം പ്രകടിപ്പിച്ചത്. ഇതി്‌ന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും പങ്കുവെച്ചു. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഇത് ഇത്രയും വൈറലാകുമെന്നും നാട്ടുകാരിൽ നിന്ന് വരെ പിന്തുണ ലഭിക്കുമെന്നും കരുതിയില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
നേരത്തെയും ഇത്തരം വിവേചനങ്ങൾക്കെതിരെ കോളേജിൽ സമരം നടന്നിരുന്നു. വൈകീട്ട് 6.30 മുൻപ് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണം എന്ന നിർദ്ദേശത്തിനെതിരെയായിരുന്നു സമരം. മൂന്ന് മാസം നീണ്ട പ്രതിഷേധത്തിനൊടുവിൽ ഹോസ്റ്റലിൽ കയറുന്ന സമയം 9.30 ആക്കി ദീർഘിപ്പിക്കുകയായിരുന്നു.
Comments